വിശാഖപട്ടണം: അനന്ത് അംബാനിയുടെയും രാധിക മെർച്ചൻ്റിൻ്റെയും വിവാഹ വേദിയായ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിലേക്ക് ക്ഷണമില്ലാതെ നുഴഞ്ഞുകയറിയ രണ്ടുപേർ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ യൂട്യൂബർ വെങ്കിടേഷ് നരസയ്യ അല്ലൂരി (26), വ്യവസായി ലുഖ്മാൻ മുഹമ്മദ് ഷാഫി ഷെയ്ഖ് (28) എന്നിവരാണ് അറസ്റ്റിലായത്. മുംബൈ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ ബികെസി പൊലീസ് ഇവർക്കെതിരെ പ്രത്യേക വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. നോട്ടീസ് നൽകുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്ത ശേഷം ഇവരെ വിട്ടയച്ചു. അനന്ത് അംബാനിയുടെയും രാധികയുടെയും വിവാഹത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി വിശിഷ്ടാതിഥികൾ പങ്കെടുത്തതിനാൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
ക്ഷണക്കത്ത് ഇല്ലാതെ എങ്ങനെയാണ് ഇരുവരും പ്രവേശിച്ചതെന്ന് വ്യക്തമല്ല. പ്രത്യേക ഗേറ്റുകളിലൂടെയാണ് പ്രതികൾ വേദിയിലേക്ക് കടന്നതെന്ന് പൊലീസ് പറഞ്ഞു. ഇവർ സംശയാസ്പദമായി നീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. പിന്നീട് ഇവരെ പൊലീസിന് കൈമാറി.