തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ മുൻ പ്രസിഡന്റും റിപബ്ലിക് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തോടെ അമേരിക്കയുടെ രാഷ്ട്രീയകാലാവസ്ഥ മാറിമറിഞ്ഞിരിക്കുന്നു. നടന്നത് നിർഭാഗ്യകരമായ സംഭവമാണെങ്കിലും അതോടെ വൈറ്റ് ഹൗസിലേക്കുള്ള തന്റെ റീ എൻട്രി ഒന്നുകൂടി ഉറപ്പിക്കാൻ ട്രംപിന് കഴിഞ്ഞിട്ടുണ്ടെന്നതാണ് യാഥാർത്ഥ്യം. വെടിയേറ്റ് മുറിഞ്ഞ വലതുചെവിയിൽ നിന്ന് ചോരയൊലിക്കുമ്പോഴും മുഷ്ടി ചുരുട്ടി ജനങ്ങളെ അഭിവാദ്യം ചെയ്ത ട്രംപിന്റെ ചിത്രം അമേരിക്കൻ തിരഞ്ഞെടുപ്പിലെ ഐതിഹാസിക നിമിഷമായി അടയാളപ്പെടുത്തിക്കഴിഞ്ഞു. നിലവിലെ പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ ജോ ബൈഡൻ ഈ സംഭവത്തോടെ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.
സാങ്കേതികമായി പറഞ്ഞാൽ തിരഞ്ഞെടുപ്പ് പോരാട്ടം അവസാനിച്ചിരിക്കുന്നു, ട്രംപ് തന്നെ വിജയിക്കും. ബുള്ളറ്റിനെക്കാൾ ശക്തമായതൊന്നും ട്രംപിന്റെ വിജയവഴിയിൽ ഇനി വെല്ലുവിളിയാകാനില്ല എന്നാണ് തിരഞ്ഞെടുപ്പ് അനലിസ്റ്റും മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ വ്യക്തിയുമായ ഡിക് മോറിസ് അഭിപ്രായപ്പെട്ടത്. റിപബ്ലിക്കൻസിന് പാട്ടും പാടി ജയിക്കാൻ ഉള്ള അവസരമായിരിക്കുകയാണ് ട്രംപിനെതിരായ വധശ്രമമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. നിലവിലെ സാഹചര്യത്തിൽ ഡെമോക്രാറ്റുകളെ മറികടന്ന് 10-15 വരെ പോയിന്റുകളുടെ മുൻതൂക്കമാണ് റിപബ്ലിക്കൻസിന് ലഭിച്ചിരിക്കുന്നത്.