ബുക്കാറസ്റ്റ്: ഇക്കൊല്ലം 500ഓളം കരടികളെ കൊല്ലാനുള്ള തീരുമാനത്തിന് അംഗീകാരം നൽകി റൊമേനിയൻ പാർലമെന്റ്. കരടികൾ റൊമേനിയയിൽ സംരക്ഷിത സ്പീഷീസുകളുടെ പട്ടികയിലാണ്. എന്നാൽ ഇവയുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതും മനുഷ്യർ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നതുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്.

റഷ്യൻ പ്രദേശങ്ങൾ ഒഴിച്ചാൽ യൂറോപ്പിൽ ഏറ്റവും കൂടുതൽ ബ്രൗൺ ബിയറുകൾ കാണപ്പെടുന്ന രാജ്യമാണ് റൊമേനിയ. ഏകദേശം 8,000 ബ്രൗൺ ബിയറുകൾ റൊമേനിയയിലുണ്ട്. കഴിഞ്ഞ 20 വർഷത്തിനിടെ 26 പേരെയാണ് തെക്കുകിഴക്കൻ യൂറോപ്യൻ രാജ്യമായ റൊമേനിയയിൽ കരടി കൊന്നത്. 274 പേർക്ക് ഗുരുതര പരിക്കേറ്റു.അടുത്തിടെ പ്രശസ്തമായ കാർപേത്യൻ പർവ്വതനിരകളിൽ ഹൈക്കിംഗിനെത്തിയ ഒരു യുവാവിനെ കരടി കൊന്നിരുന്നു. ഇതോടെ ഇന്നലെ പാർലമെന്റിന്റെ അടിയന്തര യോഗം വിളിക്കാൻ പ്രധാനമന്ത്രി മാർസൽ ചിലാകു തീരുമാനിക്കുകയായിരുന്നു. കരടികളുടെ എണ്ണം നിയന്ത്രിക്കാനുള്ള ബില്ലിന് അംഗീകാരം നൽകി.481 കരടികളെയാണ് കൊല്ലുക. കഴിഞ്ഞ വർഷം 220 കരടികളെ കൊന്നിരുന്നു. അതേ സമയം, തീരുമാനത്തിനെതിരെ പരിസ്ഥിതി സംഘടനകൾ രംഗത്തെത്തി. കരടികളെ കൊന്നത് കൊണ്ട് പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്നും കരടികൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്നും വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ട് റൊമേനിയ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *