കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ട് മരണം, പാലക്കാട് വീട് തകര്‍ന്ന് അമ്മയും മകനും മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്ക ജില്ലകളിലും കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ആകെ നാല് മരണമായി. കണ്ണൂര്‍ ചൊക്ലി ഒളവിലം വെള്ളകെട്ടില്‍ വീണു ഒരാള്‍ മരിച്ചു. മേക്കരവീട്ടില്‍താഴെ കുനിയില്‍ കെ ചന്ദ്രശേഖരന്‍ (63) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വെള്ളകെട്ടില്‍ വീണ് കണ്ണൂര്‍ മട്ടന്നൂര്‍ കോളാരിയില്‍ കുഞ്ഞാമിന (51) മരിച്ചിരുന്നു. ഇന്നലെ വൈകീട്ടായിരുന്നു അപകടം.
കോഴിക്കോട് മലയോരത്ത് ശക്തമായ മഴ തുടരുകയാണ്. ഇരുവഴിഞ്ഞി പുഴയും ചെറുപുഴയും കരകവിഞ്ഞു. പുഴകളുടെ തീരത്തുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഇരുവഴിഞ്ഞി പുഴയുടെ തീരത്തുള്ള മുക്കത്തുനിന്നും ചോണാട് പോകുന്ന റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു, മാവൂര്‍ കച്ചേരിക്കുന്നില്‍ മൂന്ന് വീടുകളില്‍ വെള്ളം കയറി. ഇവരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കോട്ടൂളി തെക്കും തായാട്ട് വീട്ടില്‍ ചന്ദ്രന്റെ പുരയിടത്തില്‍ രാത്രി കിണറിടിഞ്ഞു താഴ്ന്നു. മലപ്പുറം എടവണ്ണപ്പാറയില്‍ ബസ്സിന് മുന്നില്‍ മരം കടപുഴകി വീണു. അപകടതില്‍ ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റു. മുക്കം അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചു നീക്കി. കാടമ്പുഴയില്‍ വീടിന് മുകളിലേക്ക് മരം വീണു. കാടാമ്പുഴ പടിഞ്ഞാറെ നിരത്ത് സ്വദേശി പൊതിയില്‍ ഹനീഫയുടെ വീടിന് മുകളിലേക്കാണ് മരം വീണത്. കുന്നുമ്മല്‍ താമരകുഴിയില്‍ വാഹനത്തിന് മുകളിലേക്ക് മരം വീണു. രാവിലെ 08.45 ഓടെ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് മുകളിലാണ് മരം വീണത്. വാഹനത്തില്‍ കുടിങ്ങിയ രണ്ട് പേരെയും അര മണിക്കൂറിലധികം സമയം എടുത്താണ് അഗ്‌നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. അപകടത്തില്‍ പരിക്കേറ്റ ഡ്രൈവറെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെ ഉണ്ടായിരുന്നയാളെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പാലക്കാട് വടക്കഞ്ചേരി കണ്ണമ്പ്ര കൊട്ടേക്കാട് വീട് തകര്‍ന്ന് അമ്മയും മകനും മരിച്ചു. കൊടക്കുന്ന് വീട്ടില്‍ സുലോചന(53), മകന്‍ രഞ്ജിത്(32) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പ്രദേശത്ത് കനത്ത മഴയായിരുന്നു. തുടര്‍ന്ന് വീടിന്റെ ചുവര് ഇടിഞ്ഞുവീഴുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. വടക്കഞ്ചേരി ഫയര്‍ഫോഴ്സ് യൂണിറ്റും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.