തിരുവനന്തപുരം/കൊച്ചി: കനത്ത മഴയില്‍ നീരൊഴുക്ക് ശക്തമായതോടെ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഡാം തുറന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപകനാശം. മഴക്കെടുതിയിൽ ചൊവ്വാഴ്ച മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. പാലക്കാട് കൊട്ടേക്കാട് വീടിന്റെ ചുമരിടിഞ്ഞ് അമ്മയും മകനും മരിച്ചു. കൊട്ടേക്കാട് കൊടക്കുന്ന് സുലോചന ( 53) മകൻ രഞ്ജിത്ത് (32) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ നാട്ടുകാരെത്തി നോക്കുമ്പോഴാണ് സംഭവമറിയുന്നത്. കനത്ത മഴയെത്തുടർന്ന് തിങ്കളാഴ്ച രാത്രി ചുമരിടിഞ്ഞതായാണ് കരുതുന്നത്.