ബോക്‌സര്‍മാരുടെയും ഫയല്‍വാന്‍മാരുടെയും നാടായ ഹരിയാനയില്‍ നിന്നു വന്ന ഒരു പതിനാറുകാരി ആറ് വര്‍ഷം മുമ്പ് 2018 ല്‍ ലോകകപ്പ് ഷൂട്ടിങ്ങില്‍ സ്വര്‍ണമെഡല്‍ നേടിയപ്പോള്‍ ഇന്ത്യന്‍ കായികലോകം ഒന്നാകെ കൈയടിച്ചു.
അത് മനു ഭാക്കറിന്‍റെ വരവായിരുന്നു. പതിനാലാം വയസില്‍ മാത്രം ഷൂട്ടിങ്ങ് റേഞ്ചിലെത്തിയ മനു ഭാക്കര്‍ ഐഎസ്എസ്എഫ് ലോക ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറിയ വര്‍ഷം തന്നെ സ്വര്‍ണവുമടിച്ചാണ് മടങ്ങിയത്.
ജൂനിയര്‍ ലോകകപ്പില്‍ മത്സരിക്കേണ്ട കൊച്ചു കുട്ടി മെക്‌സിക്കോയില്‍ അന്ന് തോല്‍പ്പിച്ചവരില്‍ ഒളിമ്പിക് ചാമ്പ്യന്‍ അന്നാ കൊറകാകിയും മൂന്നു തവണ ലോക ചാമ്പ്യന്‍ഷിപ്പ് ജേതാവായ സലിനാ ഗോബര്‍വിലെയും ഉണ്ടായിരുന്നു. തന്‍റെ പ്രിയ ഇനമായ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തിലും സ്വര്‍ണം നേടിയാണ് അന്ന് മനു ഭാക്കര്‍ മടങ്ങിയത്.
ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും മനു സ്വര്‍ണമണിഞ്ഞു.ഫുട്ബോളിന്‍റെ മെക്കയില്‍, അര്‍ജന്‍റീനയിലെ ബ്യൂണസ് ഐറിസില്‍, 2018 ല്‍ നടന്ന ലോക യൂത്ത് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടി വീണ്ടും മനു ഭാക്കര്‍ ചരിത്രം സൃഷ്‌ടിച്ചു.
യൂത്ത് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായി.ടോക്കിയോ ഒളിമ്പിക്‌സിൽ മനു ഭാക്കര്‍ മൂന്ന് ഇനങ്ങളില്‍ മത്സരിച്ചിരുന്നെങ്കിലും ഒറ്റയിനത്തിലും ഫൈനല്‍ റൗണ്ടിലോ മെഡല്‍ റൗണ്ടിലോ എത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇന്ന് മനു ഇരുത്തം വന്ന ഷൂട്ടറാണ്. കഴിഞ്ഞ തവണ ടോക്കിയോവിൽ നിന്ന് തല താഴ്ത്തി മടങ്ങേണ്ടി വന്ന മനു ഭാക്കറും ടീമും സട കുടഞ്ഞെഴുന്നേറ്റു കഴിഞ്ഞു. ആദ്യ രണ്ട് ഒളിമ്പിക്‌സുകളിൽ വെറും കൈയോടെ മടങ്ങിയ ശേഷം ബീജിങ്ങിൽ സ്വർണം നേടിയ അഭിനവ് ബിന്ദ്രയുടെ അനുഭവം നമുക്ക് മുന്നിലുണ്ട്.ഈ വർഷം മികച്ച ഫോമിലാണ് മനു.
ഗ്രാനഡയിൽ നടന്ന ലോക ചാമ്പ്യൻിപ്പിൽ വെങ്കലം നേടിയ മനു ഭാക്കർ എയർ റൈഫിൾ 10 മീറ്ററിൽ ലോകത്തെ മികച്ച മൂന്ന് താരങ്ങളിലൊരാളാണ്. ജൂലൈ 27-നാണ് 10 മീറ്റർ എയർപിസ്റ്റളിൽ യോഗ്യതാ റൗണ്ട്. ആദ്യ എട്ടിൽ ഇടം നേടിയാൽ തൊട്ടടുത്ത ദിവസം ഫൈനലിൽ മനു ഭാക്കർ ഇറങ്ങും. അവിടെ സ്വർണത്തിൽ കുറഞ്ഞതൊന്നും ഈ 22 കാരി ലക്ഷ്യം വെക്കുന്നില്ല.