പാരിസ്∙ ഒളിംപിക് വേദിയിലെ ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ച് ആർച്ചറിയിലെ റാങ്കിങ് വിഭാഗത്തിൽ കളത്തിലിറങ്ങിയ വനിതാ ടീം നേരിട്ട് ക്വാർട്ടർ ഫൈനലിനു യോഗ്യത നേടി. യോഗ്യതാ റൗണ്ടിൽ നാലാം സ്ഥാനക്കാരായാണ് ഇന്ത്യൻ വനിതകളുടെ മുന്നേറ്റം. ടീമിനത്തിൽ ഇന്ത്യ ആകെ നേടിയത് 1983 പോയിന്റ്. 28ന് നടക്കുന്ന ക്വാർട്ടറിൽ, നെതർലൻഡ്സ് – ഫ്രാൻസ് മത്സര വിജയികളാകും ഇന്ത്യയുടെ എതിരാളികൾ. ഈയിനത്തിലെ മെഡൽ ജേതാക്കളെയും അന്നറിയാം.
ഒളിംപിക് റെക്കോർഡ് തിരുത്തി 2046 പോയിന്റ് നേടിയ ദക്ഷിണ കൊറിയയാണ് ഒന്നാമത്. ചൈന (1996), മെക്സിക്കോ (1986) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. റാങ്കിങ് റൗണ്ടിലെ ആദ്യ നാലു സ്ഥാനക്കാർ നേരിട്ട് ക്വാർട്ടറിൽ കടക്കും. അഞ്ച് മുതൽ 12 വരെ സ്ഥാനങ്ങളിലെത്തുന്നവർ പ്രീക്വാർട്ടർ കളിക്കണം. റാങ്കിങ് മത്സരത്തിലെ പ്രകടനം അനുസരിച്ചാണ് ആർച്ചറി നോക്കൗട്ട് റൗണ്ടിൽ വ്യക്തിഗത, ടീമിനങ്ങളിൽ മത്സരക്രമം നിശ്ചയിക്കുക. മികച്ച റാങ്ക് നേടുന്നവർക്കു റാങ്കിങ്ങിൽ പിന്നിലുള്ളവരെ എതിരാളിയായി ലഭിക്കും.
ഇന്ത്യൻ താരങ്ങളിൽ അങ്കിത ഭക്ത് 666 പോയിന്റുമായി 11–ാം സ്ഥാനത്തെത്തി. ഭജൻ കൗർ 659 പോയിന്റുമായി 22–ാമതാണ്. നാലാം ഒളംപിക്സിനിറങ്ങിയ ദീപിക കുമാരി 658 പോയിന്റുമായി 23–ാം സ്ഥാനത്തായത് ഇന്ത്യയ്ക്ക് നിരാശയായി. മറ്റു രണ്ടു പേരുടെയും അരങ്ങേറ്റ ഒളിംപിക്സാണ്. മൂന്നു പേരും കൂടി ടീമിനത്തിൽ നാലാമതായതോടെ ഇന്ത്യ നേരിട്ട് ക്വാർട്ടറിൽ കടന്നു. അതേസമയം, ക്വാർട്ടറിൽ ജയിച്ചാലും സെമിയിൽ കരുത്തരായ ദക്ഷിണ കൊറിയയാകും ഇന്ത്യയുെട എതിരാളികൾ. റാങ്കിങ് റൗണ്ടിൽ നാലാം സ്ഥാനക്കാരായതോടെയാണ് ഇന്ത്യ കൊറിയ ഉൾപ്പെടുന്ന പൂളിലായത്. സെമിയിൽ തോറ്റാലും വെങ്കല മെഡൽ മത്സരത്തിൽ പങ്കെടുക്കാനാകുമെന്നത് നേട്ടമാണ്. അതേസമയം, വനിതകളിൽ 11–ാം സ്ഥാനത്തെത്തിയ അങ്കിത ഭക്തിന്റെ പ്രകടനം ഇന്ത്യയ്ക്ക് നേട്ടമായി. നാലാം ഒളിംപിക്സിൽ മത്സരിക്കുന്ന ദീപിക കുമാരി ഉൾപ്പെടെ ഫോം കണ്ടെത്താൻ പാടുപെട്ടപ്പോഴാണ് ബംഗാളിൽ നിന്നുള്ള അങ്കിതയുടെ മുന്നേറ്റം. ഇതോടെ, മിക്സഡ് വിഭാഗത്തിൽ ആദ്യമായി ദീപികയ്ക്കു പകരം അങ്കിത ഇന്ത്യയെ പ്രതിനിധീകരിക്കും.