പാട്ട് കൊണ്ടും ബാക്ക്ഗ്രൗണ്ട് സ്കോർ കൊണ്ടും വിദ്യസാഗർ മാജിക് തീർത്ത ചിത്രം ദേവദൂതൻ റീ റിലീസിന് ഒരുങ്ങുകയാണ്. 24 വര്‍ഷങ്ങള്‍ക്കിപ്പുറവും സിനിമയിലെ ഓരോ ഗാനവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.
ചിത്രം അടുത്ത ദിവസം റീ റിലീസ് ചെയ്യുമ്പോൾ, അതിന് മുന്നോടിയായി ചിത്രത്തിലെ ഒരു വീഡിയോ ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
എന്തരോ മഹാനുഭാവലൂ എന്ന് ആരംഭിക്കുന്ന പ്രശസ്ത ഗാനത്തിന്‍റെ റീമാസ്റ്റേര്‍ഡ് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്.ഒരു കാലത്ത് ബോക്സ് ഓഫീസിൽ പരാജയപ്പെട്ട, അണ്ടർ റേറ്റഡ് വിഭാഗത്തിലേക്ക് നീക്കപ്പെട്ട ചിത്രത്തിനായി ഇന്ന് കാത്തിരിക്കുന്നത് നിരവധി പേരാണ്.
2000ത്തിൽ റിലീസ് ചെയ്ത മിസ്റ്ററി ത്രില്ലർ ചിത്രമാണ് ദേവദൂതൻ. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങിയ സിനിമയിൽ വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്.
ജയപ്രദ, വിനീത് കുമാർ, മുരളി, ജഗതി ശ്രീകുമാർ, ജഗദീഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.കെ ജെ യേശുദാസ്, എം. ജയചന്ദ്രൻ ,കെ എസ്.ചിത്ര, എസ് ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകർ.
മൂന്ന് സംസ്ഥാന അവാർഡുകൾ ആണ് ഈ ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. ശബ്ദ, ദൃശ്യ വിന്യാസത്തിനും കഥാപശ്ചാത്തലത്തിലും സംഗീതത്തിലുമൊക്കെ ഒരു കാലത്ത് പുതുമകളുമായെത്തിയ ചിത്രത്തെ അതിന്‍റെ രണ്ടാം വരവില്‍ പുതുതലമുറ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍