പാരിസ്: പാരിസ് ഒളിംപിക്സ് മെഡൽ നേട്ടത്തിലേക്ക് ഉന്നം വെച്ച് ഇന്ത്യയുടെ അമ്പെയ്ത്ത് താരങ്ങൾ ഇന്ന് കളത്തിൽ. പുരുഷ, വനിതാ വ്യക്തിഗത റാങ്കിങ് റൗണ്ട് മത്സരങ്ങളാണ് ആദ്യ ദിനം നടക്കുന്നത്.
നാലാം ഒളിംപിക്സിനറങ്ങുന്ന പരിചയസമ്പന്നരായ തരുൺദീപ് റായും ദീപികാ കുമാരിയും നയിക്കുന്ന ഇന്ത്യൻ സംഘത്തിന് യോഗ്യതാ റൗണ്ട് നിർണായകമാണ്.
ആദ്യ പത്തിലെങ്കിലും സ്ഥാനം നേടുകയാണ് ടീമിന്റെ പ്രഥമലക്ഷ്യം. ലോക റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് പുരുഷ, വനിതാ ടീമുകൾ യോഗ്യത നേടിയത്. അഞ്ച് മെഡൽ ഇനങ്ങളിൽ ഇന്ത്യ മത്സര രംഗത്തുണ്ട്.പുരുഷ ടീമിലാണ് ഇന്ത്യക്ക് കൂടുതൽ പ്രതീക്ഷയുള്ളത്.
ഷാങ്ഹായിൽ ഇത്തവണ ലോകകപ്പിൽ നേടിയ വിജയവുമായാണ് ഇന്ത്യൻ പുരുഷൻമാർ ഇറങ്ങുന്നത്.ഒരു മാസംമുൻപ് തുർക്കിയിൽ വേൾഡ് കപ്പ് സ്റ്റേജ് -3 മത്സരത്തിൽ ടോക്യോയിലെ വെള്ളിമെഡൽ ജേതാവ് ഇറ്റലിയുടെ മൗറൊ നെസ്പോളിയെ തോൽപ്പിച്ച് ധീരജ് വെങ്കലം നേടിയിരുന്നു.
ഏഷ്യൻഗെയിംസ് വെള്ളിനേടിയ ഇന്ത്യൻ ടീമിലും അംഗമായിരുന്നു.ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള ദീപികാ കുമാരിയിലാണ് വനിതകളിൽ ഇന്ത്യൻ പ്രതീക്ഷ. ഏപ്രിലിൽ വേൾഡ് കപ്പ് സ്റ്റേജ്-1 മത്സരത്തിൽ നേടിയ വെള്ളി ദീപികയുടെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്.
ടോക്യോയിൽ സ്വർണം നേടിയ കൊറിയയുടെ ആൻ സാൻ ഇത്തവണ രംഗത്തില്ലമറ്റൊരു കൊറിയൻതാരമായ ലിം സി ഹയോണാവും ദീപികയുടെ പ്രധാന എതിരാളി. ഈ വർഷം രണ്ടുതവണ കൊറിയൻ താരം ദീപികയെ തോൽപ്പിച്ചിരുന്നു.