അർജുനായുള്ള തിരച്ചില്‍ നിര്‍ണായക മണിക്കൂറിലേക്ക്. മുങ്ങല്‍ വിദഗ്ധര്‍ രണ്ട് തവണ പുഴയിലെ ലോറിക്കരികിലെത്തി. സംഘത്തിന് ലോറിയുടെ ക്യാബിന്‍ പരിശോധിക്കാനായില്ല. സംഘം മൂന്നാമതും ഇറങ്ങാന്‍ തയ്യാറെടുക്കുന്നു. അടിയൊഴുക്ക് അതിശക്താണ്. കലങ്ങിമറിഞ്ഞ വെള്ളം തിരിച്ചടി. ലോറി ഉയര്‍ത്തുന്നതിനുള്ള സാധ്യത പരിശോധിക്കുന്നു.
അതേസമയം, ഐബോഡ് ഡ്രോണ്‍ ഉപയോഗിച്ചുള്ള നിര്‍ണ്ണായക പരിശോധന തുടരുന്നു. പരിശോധന പുഴയില്‍ ലോറിയുള്ള ഭാഗത്ത്, ജലനിരപ്പിന് തൊട്ടുമേലെ ഡ്രോണ്‍ പറത്തി. മറ്റ് സിഗ്നലുകള്‍ ഒഴിവാക്കാന്‍ സ്ഥലത്ത് കരസേനയുടെ കര്‍ശന നിയന്ത്രണം. ലോറിയുടെ കിടപ്പും കേടുപാടുകള്‍ ഉണ്ടോയെന്നും അറിയാമെന്ന് പ്രതീക്ഷ.
അതേസമയം, അര്‍ജുന്‍ ഓടിച്ച ലോറിയിലെ നാല് കഷ്ണം തടി കണ്ടെത്തിയെന്ന് ഉടമ മനാഫ്. 12 കിലോമീറ്റര്‍ അകലെ നിന്നാണ് തടി കണ്ടെത്തിയതെന്നും ലോറി ഉടമ.
ലോറിയുടെ സ്ഥാനം കൃത്യമായി നിര്‍ണയിക്കാന്‍ ഐബോര്‍ഡ് ഡ്രോണ്‍ പരിശോധന തുടങ്ങി. റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ നേതൃത്വത്തില്‍ ഏഴംഗ വിദഗ്ധസംഘമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ലോറിയില്‍ ഇരുമ്പ് വടം ബന്ധിക്കാനുള്ള ശ്രമത്തിലാണ് മുങ്ങല്‍ വിദഗ്ധര്‍. രാവിലെ മഴ മാറിനിന്നു. കാലാവസ്ഥ അനുകൂലമായതിനാല്‍ തിരച്ചില്‍ വിചാരിച്ച വേഗത്തില്‍ നടക്കുമെന്ന് പ്രതീക്ഷ. ഏഴുമണിയോടെ സൈന്യം അപകടസ്ഥലത്തെത്തി. തിരച്ചിലിനായുള്ള ഐബോര്‍ഡ് ഡ്രോണിന്‍റെ ബാറ്ററി ഡല്‍ഹിയില്‍ നിന്നും എത്തുന്നതോടെ ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുക്കുമെന്ന് പ്രതീക്ഷ. ഡ്രോണ്‍ വഴി അര്‍ജുന്‍റെ ലോറി കിടക്കുന്നത് എങ്ങനെയെന്ന് കൃത്യമായി അറിയുക ലക്ഷ്യം. ദൗത്യത്തിന്‍റെ മേല്‍നോട്ടം കര്‍ണാടക ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി ആര്‍. ഹിതേന്ദ്രയ്ക്ക്. ഏഴരയോടെ ഒരു ബൂം എക്സ്കവേറ്റര്‍ സ്ഥലത്തെത്തിച്ചു.
മണ്ണുമാന്തിയന്ത്രത്തിന് പ്രവര്‍ത്തിക്കാനുള്ള ഉറപ്പുള്ള തറയൊരുക്കാന്‍ രാവിലെ മുതല്‍ ശ്രമം തുടങ്ങിയിരുന്നു. ഏഴേ മുക്കാലോടെ മഴ കനത്തു. മണ്ണുമാന്തി തീരത്തേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ ശ്രമം. രണ്ട് റഡാര്‍ ഡ്രോണുകളുമായി റിട്ടയേഡ് മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ നമ്പ്യാരും ടീമും സ്ഥലത്ത്. പരിശോധന പൂര്‍ത്തിയാകുംവരെ ആരെയും സ്ഥലത്ത് കര്‍ശന നിയന്ത്രണം. പത്തരയോടെ ഐബോര്‍ഡ് ഡ്രോണിന്‍റെ ബാറ്ററി ഡല്‍ഹിയില്‍ നിന്നും കാര്‍വാറിലെത്തിച്ചു. പതിനൊന്നരയോടെ ബാറ്ററി ഷിരൂരില്‍. ഇതിനിടെ മഴ ശക്തമായി. പുഴയില്‍ അടിയൊഴുക്ക് ശക്തം. പതിനൊന്നുമണിയോടെ രണ്ടാമത്തെ മണ്ണുമാന്തിയന്ത്രം സ്ഥലത്തെത്തി. തിരച്ചിലിന് വേഗം കൂടി. മഴ കുറഞ്ഞപ്പോള്‍ നേവിയുടെ മൂന്ന് ബോട്ടുകളിലായി മുങ്ങല്‍ വിദഗ്ധര്‍ അടിയൊഴുക്ക് പരിശോധിക്കാന്‍ പുഴയിലിറങ്ങി .