തിരുവനന്തപുരം: സാമൂഹിക- പാരിസ്ഥിതിക ആഘാതങ്ങള്‍ പഠിക്കാതെയും ഡി.പി.ആര്‍ തയാറാക്കാതെയും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന തീരദേശ ഹൈവെ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
ആവാസ വ്യവസ്ഥ നിലനിര്‍ത്തിയും ജീവനോപാധികള്‍ സംരക്ഷിച്ചും ജനങ്ങളെ വിശ്വാസത്തിലെടുത്തുമാണ് പദ്ധതികള്‍ നടപ്പാക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കടലില്‍ നിന്നും 50 മീറ്റര്‍ മുതല്‍ 15 കിലോ മീറ്റര്‍ വരെ ദൂരത്തില്‍ കടന്നു പോകുന്ന എന്‍ എച്ച് 66 എന്നത് തീരദേശ ഹൈവേ തന്നെയാണ്. ഈ പശ്ചാത്തലത്തില്‍ മറ്റൊരു തീരദേശ ഹൈവേയുടെ ആവശ്യകത മനസിലാകുന്നില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി
.മത്സ്യത്തൊഴിലാളികളുടെ ആവാസവ്യവസ്ഥയെയും ജീവനോപാദികളെയും ബാധിക്കുന്ന പദ്ധതിയെകുറിച്ച് പഠിക്കാന്‍ യുഡിഎഫ് നിയോഗിച്ച, ഷിബു ബേബിജോണ്‍ കണ്‍വീനറായ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.