ഷിരൂർ: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുന്റെ ട്രക്ക് നദിയിലെ മണ്ണുമലയില്‍ തന്നെയെന്ന് സ്ഥിരീകരിക്കുന്ന പുതിയ സിഗ്നല്‍ ലഭിച്ചതായി അധികൃതർ.സ്വകാര്യ കമ്ബനിയുടെ ഐബോഡ് ഡ്രോണ്‍ പരിശോധനയിലാണ് പുതിയ സിഗ്നല്‍ ലഭിച്ചത്.
മണ്ണിടിച്ചിലിന് ശേഷം ഗംഗാവലി നദിയുടെ മദ്ധ്യഭാഗത്ത് രൂപപ്പെട്ട മണ്ണുമലയിലാണ് ലോഹ ഭാഗങ്ങളെന്ന് സ്ഥിരീകരിക്കുന്ന സിഗ്നല്‍ കിട്ടിയത്. ട്രക്ക് തന്നെയാകാനാണ് സാധ്യതയെന്ന് അധികൃതർ പറഞ്ഞു.
ബോട്ടില്‍ പ്രത്യേക കാമറകള്‍ സജ്ജീകരിച്ച് ഐബോഡ് ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് നാലാമത്തെ സിഗ്നല്‍ തെളിഞ്ഞത്. നേരെത്തെ സൈന്യത്തിന്റെയും നാവികസേനയുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ട്രക്കുണ്ടെന്ന് സ്ഥിരീകരിച്ച ഭാഗത്തിന് സമീപത്തായാണ് സ്വകാര്യ കമ്ബനിക്കാരുടെ
പരിശോധനയില്‍ പുതിയ സിഗ്നലും ലഭിച്ചത്.
അതേസമയം ഷിരൂരില്‍ പ്രതികൂല കാലാവസ്ഥ തുടരുകയാണ്. നാവികസേനാംഗങ്ങള്‍ക്ക് ഇതുവരെയും പുഴയുടെ അടിത്തട്ടിലിറങ്ങാൻ സാധിച്ചിട്ടില്ല. ശക്തമായി കുത്തിയൊലിക്കുന്ന ഗംഗാവലി നദിയിലെ രക്ഷാപ്രവർത്തനങ്ങള്‍ ദുഷ്‌കരമാണെന്ന് നാവികസേന വ്യക്തമാക്കിയിരുന്നു.
പുഴയിലെ അടിയൊഴുക്ക് കുറയുന്നതിനനുസരിച്ച് പരിശോധനകള്‍ ശക്തമാക്കും. നിലവില്‍ ലോങ് ബൂം എസ്‌കവേറ്റർ ഉപയോഗിച്ച് മണ്ണ് നീക്കല്‍ ദൗത്യം തുടരുകയാണ്