പാരിസ് ഒളിംപിക്സിൽ ആദ്യദിനം തന്നെ കുതിപ്പ് തുടങ്ങാൻ ടീം ഇന്ത്യ. മെഡൽ പ്രതീക്ഷയുമായി ഷൂട്ടിങ് ടീം ഇന്ന് കളത്തിലിറങ്ങും. 10 മീറ്റർ എയർ റൈഫിൾസ് മിക്സ്ഡ് ടീം ഇനത്തിലാണ് ഇന്ന് യോഗ്യത, ഫൈനൽ മത്സരങ്ങൾ നടക്കുക. സ്വർണ പ്രതീക്ഷയായ മനു ഭാകർ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ യോഗ്യത പോരാട്ടത്തിനിറങ്ങും. പുരുഷ ഹോക്കി ടീം ആദ്യ ഗ്രൂപ്പ് പോരാട്ടത്തിൽ ന്യൂസീലൻഡിനെ നേരിടും.
ഇവയുൾപ്പെടേ പത്തിനങ്ങളിൽ ഇന്ത്യ ആദ്യ ദിനം മത്സരിക്കും. പാരീസിലെ ഇന്ത്യൻ കുതിപ്പിൻറെ വെടിയൊച്ച ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് ആദ്യ ദിനം തന്നെ ഉയരുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. ഉച്ചയ്ക്ക് 12.30ന് ആരംഭിക്കുന്ന പത്ത് മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ഇനത്തിൻറെ യോഗ്യത റൗണ്ടിൽ രമിത ജിൻഡാൽ അർജുൻ ബബുത കൂട്ടുകെട്ടും സന്ദീപ് സിങ്, ഇളവേനിൽ വാളറിവേൻ കൂട്ടുകെട്ടും മത്സരിക്കും. യോഗ്യത നേടിയാൽ 2.30ന് ഫൈനൽ. ഒരു മെഡലെങ്കിലും രണ്ട് ടീമിൽ നിന്നും ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. പത്ത് മീറ്റർ എയർ പിസ്റ്റളിൽ ഫൈനൽ ഉറപ്പിക്കാനാണ് ഇന്ത്യയുടെ പുരുഷ, വനിത താരങ്ങൾ ഇറങ്ങുന്നത്.