കാരക്കാസ് ∙ തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിക്കോളാസ് മഡുറോയ്ക്ക് വിജയം. 51.20 ശതമാനം വോട്ടുകൾ നേടിയാണ് മഡുറോയുടെ വിജയം. തുടർച്ചയായ മൂന്നാം തവണയാണ് അദ്ദേഹം വെനസ്വേലയുടെ പ്രസിഡന്റ് പദവിയിലേക്ക് എത്തുന്നത്. എതിർ സ്ഥാനാർഥിയായ എഡ്മുണ്ടോ ഗോൺസാലസിൻ 44.02 ശതമാനം വോട്ടാണ് നേടിയത്. സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയാണ് ജനം വോട്ടു ചെയ്തതെന്ന് മഡുറോ പറഞ്ഞു.
പ്രതിപക്ഷ സഖ്യമായ യൂണിറ്ററി പ്ലാറ്റ്ഫോമിന്റെ പിന്തുണയുള്ള എഡ്മണ്ടോ ഗോൺസാലസിൻ ഇന്നലെ വൈകിട്ട് തിരഞ്ഞെടുപ്പ് വിജയം അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. അനൗദ്യോഗിക എക്സിറ്റ് പോളുകളും വിജയം പ്രവചിച്ചിരുന്നത് ഗോൺസാലസിനായിരുന്നു. ഔദ്യോഗികമായി വെനസ്വേലയിൽ എക്സിറ്റ് പോളുകൾക്ക് വിലക്കുണ്ട്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് ഗോൺസാലസിൻ രംഗത്തെത്തി.