ബാറ്റിങ്ങിന് ഇന്ത്യ ഇറങ്ങുമ്പോള്‍ മത്സരത്തില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം എട്ട് ഓവറില്‍ 78 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. ഒന്‍പതു പന്തുകള്‍ ബാക്കി നില്‍ക്കെ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ മൂന്ന് മത്സരമടങ്ങിയ പരമ്പര ആദ്യ രണ്ട് മത്സരത്തിലെ വിജയത്തിലൂടെ തന്നെ ഇന്ത്യ സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് ആണ് എടുത്തത്. ഇന്ത്യക്കായി യശ്വസ്വി ജയ്‌സ്വാള്‍ (15 പന്തില്‍ 30), സൂര്യകുമാര്‍ യാദവ് (12 പന്തില്‍ 26), ഹര്‍ദിക്ക് പാണ്ഡ്യ (9 പന്തില്‍ 22) എന്നിവര്‍ മികച്ച ബാറ്റിങ് പുറത്തെടുത്തു. ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ നേരിട്ട ആദ്യ പന്തില്‍ പുറത്തായി. മഹീഷ് തീക്ഷണയുടെ പന്തില്‍ താരം ബൌള്‍ഡാകുകയായിരുന്നു. 26 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ രവി ബിഷ്ണോയിയാണ് കളിയിലെ താരം.

നിലവില്‍ ഇന്ത്യക്കായി അന്താരാഷ്ട്ര ടി-20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ഡന്‍ ഡക്കായ താരങ്ങളില്‍ 4ാം സ്ഥാനം സഞ്ജുവിനാണ്. ഒന്നാംസ്ഥാനത്ത് രോഹിത് ശര്‍മ്മ, രണ്ടാം സ്ഥാനത്ത് ശ്രേയസ് അയ്യര്‍, മൂന്നാം സ്ഥാനത്ത് വാഷിങ്ടണ്‍ സുന്ദര്‍, അഞ്ചാം സ്ഥാനത്ത് വിരാട് കൊഹ്ലി എന്നിങ്ങനെയാണ്. പരിക്കേറ്റ ഉപനായകന്‍ ശുഭ്മന്‍ ഗില്ലിന് പകരമായിരുന്നു സഞ്ജു സാംസണ്‍ കളത്തില്‍ ഇറങ്ങിയത്. നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്ക 161 റണ്‍സ് സ്‌കോര്‍ ചെയ്തത്. 34 പന്തില്‍ നിന്ന് 53 റണ്‍സെടുത്ത കുശാല്‍ പെരേരയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ശ്രീലങ്കയ്ക്ക് 26 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ കുഷാല്‍ മെന്‍ഡിസിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. ഹര്‍ദിക് പാണ്ഡ്യയ്ക്കായിരുന്നു വിക്കറ്റ്. പിന്നീട് പതും നിസങ്കയും കുഷാല്‍ പെരേരയും ചേര്‍ന്ന് സ്‌കോര്‍ 80 എത്തിച്ചു. നിസങ്ക രവി ബിഷ്‌ണോയിയുടെ പന്തിലാണ് പുറത്തായത്. പിന്നീട് 130 ന് മെന്‍ഡിസ്, 130 ന് പെരേര, 140 ന് ഹസരങ്ക എന്നിവര്‍ പുറത്തായി. ഇന്ത്യക്കായി രവി ബിഷ്‌ണോയ് മൂന്നും ഹര്‍ദിക്ക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *