മുംബൈ: നവിമുംബൈയിലെ നെരുളിലെ ന്യൂബോംബെ കേരളീയ സമാജത്തില്‍ ഞായറാഴ്ച നടന്ന ആശാന്‍, ബഷീര്‍, എം.ടി. എന്നിവരുടെ സാഹിത്യത്തെ മുന്‍നിര്‍ത്തി ‘കാലത്തെ കീഴടക്കുന്ന കല’ എന്ന വിഷയത്തിലൂടെ കല്‍പറ്റ നാരായണന്‍ നടത്തിയ സഞ്ചാരം അവരുടെ സര്‍ഗസൃഷ്ടികളെ വീണ്ടെടുക്കുന്നതായി മാറി. ഒരാള്‍ എന്തിനെഴുതുന്നുവെന്ന് ചോദിച്ചാല്‍ അവനവന്റെ കാലത്തെ അതിജീവിക്കാന്‍ വേണ്ടിയാണ് ആശാനും ബഷീറും എം.ടി.യും എഴുതിയത്. കുമാരനാശാന്‍ ജീവിച്ചിരുന്ന കാലത്ത് നേരിട്ട അവഗണന പിന്നീട് മാറി. അദ്ദേഹത്തെ കുടുതല്‍ തെളിമയുള്ള ഒരാളായി കാലംമാറ്റി.

ഇന്ന് മലയാളത്തിന്റെ കാവ്യലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരന്‍ കുമാരനാശാനാണ്. കാലാന്തരത്തില്‍ നാം കുമാരനാശാനെ തിരിച്ചറിയുകയായിരുന്നു. ഉപേക്ഷിക്കപ്പെട്ട ജീവിതങ്ങളെപ്പറ്റിയാണ് ആശാന്‍ പാടിയത്. അവനവന്‍ കാലത്തെ അതിജീവിക്കുന്നത് സര്‍ഗസൃഷ്ടികളിലൂടെയാണ്.

കവിതയും തത്വശാസ്ത്രവും മിസ്റ്റിസിസവുമാണ് ബഷീറിന്റെ രചനകളെ നമ്മോട് ചേര്‍ത്തുനിര്‍ത്തുന്നത്. നാട്ടിന്‍പുറത്തുകാരായ മനുഷ്യരുടെ ലോകസത്യങ്ങള്‍ ബഷീര്‍ മുന്നോട്ടു വെച്ചതുപോലെ മലയാളത്തിലെ ഒരു സാഹിത്യകാരനും ചെയ്തിട്ടില്ല. തന്റെ വീട്ടില്‍ ഉമ്മ പറയുന്ന ഭാഷയായിരുന്നു ബഷീറിന്റെ ഭാഷ. ആ ഭാഷയാണ് മലയാളിയുടെ ഹൃദയത്തില്‍ ഇടം നേടിയത്. അതുകൊണ്ടാണ് ആശാനും ബഷീറും അനശ്വരങ്ങളായി തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *