മുണ്ടക്കൈയിലെ പല വീടുകളും കാണാനില്ല’
കല്പറ്റ: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മേപ്പാടി മുണ്ടക്കൈയിലെ റിസോര്‍ട്ടില്‍ അറുപതോളം പേര് അഭയം തേടിയതായി റിസോര്‍ട്ട് ജീവനക്കാരന്. മുണ്ടക്കൈ ട്രീവാലി റിസോര്‍ട്ടിലാണ് ഇത്രയും പേരുള്ളത്. നിലവില്‍ സുരക്ഷിതരാണെന്നും എന്നാല്‍ ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയാത്ത സ്ഥിതിയാണെന്നും റിസോര്‍ട്ട് ജീവനക്കാരനായ മിഥുന്
‘മഴയ്ക്ക് കുറവുണ്ട്. സുരക്ഷിതരാണെന്ന് കരുതിയാണ് ഇവിടെ കയറിനില്‍ക്കുന്നത്. ഒന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല. ഇവിടെനിന്ന് നോക്കുമ്പോള്‍ ഇപ്പോള്‍ ആകെ അഞ്ചോ ആറോ വീടുകളേയുള്ളൂ. ബാക്കി വീടുകള്‍ കാണാനില്ല. പലരും പലയിടത്തായി കുടുങ്ങി കിടക്കുകയാണ്. അറുപതോളം പേര് റിസോര്‍ട്ടിലുണ്ട്. പ്രദേശവാസികളായ പലരെയും വിളിച്ചിട്ട് കിട്ടുന്നില്ല. ഫോണുകള്‍ സ്വിച്ച് ഓഫ് ആണ്. പലരുടെയും ഉറ്റവര്‍ മരിച്ചു. ഒരു കൂട്ടുകാരന്റെ ഉപ്പയും ഉമ്മയുമെല്ലാം മരിച്ചു. അവന് ഒന്നുംചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. പലരെയും ഞങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ട്. ആരും ഇതുവരെ ഭക്ഷണം കഴിച്ചിട്ടില്ല. പുഴയില്‍ ചെളിയില്‍ പുതഞ്ഞ് കിടക്കുന്നത് എന്റെ കൂട്ടുകാരനാണ്. അരുണ്‍ എന്നാണ് അവന്റെ പേര്. പുഴയില്‍നിന്ന് കയറാന്‍ കഴിയാതെ കിടക്കുകയാണ് അവന്. പിന്നീട് വേറെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.”