മേപ്പാടി (വയനാട്)∙ എൻഡിആർഎഫിന്റെയും സൈന്യത്തിന്റെയും സംഘം പുഴ കടന്ന് മുണ്ടക്കൈയിലെത്തി. ദുരന്തം നടന്ന് 13 മണിക്കൂറിനുശേഷമാണ് രക്ഷാപ്രവർത്തകർക്ക് മുണ്ടക്കൈയിലെത്താനാകുന്നത്. ചൂരൽമലയിൽനിന്ന് മൂന്നര കിലോമീറ്റർ അകലെയാണ് മുണ്ടക്കൈ. ആളുകളെ ജീപ്പുമാർഗം പുഴക്കരയിലെത്തിച്ച് വടത്തിലൂടെ പുഴകടത്തി ആശുപത്രിയിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറ്റും. ചൂരൽമലയിൽ മന്ത്രിമാരുടെ സംഘവും രക്ഷാപ്രവർത്തകസംഘവും തമ്മിൽ ചർച്ച നടത്തി. മന്ത്രിമാരായ കെ.രാജൻ, ഒ.ആർ.കേളു, പി.എ.മുഹമ്മദ് റിയാസ്, എംഎൽഎമാരായ ഐ.സി.ബാലകൃഷ്ണൻ, ടി.സിദ്ദിഖ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്
ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 84 ആയെന്ന് റവന്യൂ വിഭാഗം സ്ഥിരീകരിച്ചു. മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ആരംഭിക്കുമ്പോൾ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. മുണ്ടക്കൈയിൽനിന്ന് ഗുരുതര പരുക്കേറ്റവരെ രക്ഷപ്പെടുത്തി കൊണ്ടുവരുന്നുണ്ട്. ചാലിയാറിലൂടെ ഒഴുകി നിലമ്പൂരിലെത്തിയ മൃതദേഹങ്ങളുടെ എണ്ണം 26 ആയതായി അധികൃതർ പറഞ്ഞു. ഇവ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.