മേപ്പാടി∙ മുണ്ടക്കൈ ഭാഗത്തേക്കുള്ള താൽക്കാലിക (ബെയ്‌ലി) പാലത്തിന്റെ നിർമാണം വൈകീട്ടോടെ പൂർത്തിയാക്കാനാകുമെന്ന് മന്ത്രി കെ. രാജൻ . പാലം നിർമാണവുമായി ബന്ധപ്പെട്ട് കോഴിക്കോട് നിന്ന് 100 അംഗ പട്ടാള സംഘം ഉടൻ പുറപ്പെടും. പാലം നിർമാണത്തിനുള്ള സാമഗ്രികൾ കണ്ണൂർ വിമാനത്താവളത്തിൽ നിന്നായിരിക്കും കൊണ്ടു വരിക. ഇത് ഉച്ചയ്ക്ക് എത്തിക്കുന്നതോടെ താൽക്കാലിക പാലം നിർമാണം വേഗത്തിലാക്കാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു. ഈ പാലം നിർമിച്ചാൽ മാത്രമേ ജെസിബികൾക്കും ഹിറ്റാച്ചികൾക്കും ദുരന്ത മേഖലയിലേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ.
പാലം നിർമാണം തുടങ്ങിയാൽ 4 – 5 മണിക്കുറുകൾക്കുള്ളിൽ പട്ടാളത്തിന് അത് പൂർത്തിയാക്കാൻ സാധിക്കുമെന്നും മന്ത്രി രാജൻ അറിയിച്ചു. രണ്ടു ടീമുകളായി തിരിഞ്ഞാണ് നിലവിൽ മൃതദേഹങ്ങൾ കൊണ്ടുവരുന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ തിരയണമെങ്കിൽ ജെസിബികൾ എത്തിക്കണം. അതിനാലാണ് താൽക്കാലിക പാലം നിർമാണത്തിന് പ്രാമുഖ്യം കൊടുക്കുന്നത്.