24x7news.org

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ അപകടത്തില്‍ മരിച്ച മുണ്ടക്കൈ പള്ളിയിലെ ഉസ്താദ് ഷിഹാബ് ഫൈസിയുടെ മൃതദേഹം കണ്ടെടുത്തു. പ്രതീക്ഷയോടെ, പ്രാർത്ഥനയോടെ കാത്തിരുന്ന് പ്രിയ പങ്കാളിക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേദനയാവുകയാണ് ഷിഹാബിന്റെ വിയോഗം.

ഷിഹാബിന്റെ പ്രിയ സുഹൃത്തും എഴുത്തുകാരനുമായ ലത്തീഫ് നെല്ലിച്ചോട് എഴുതിയ കുറിപ്പ് കണ്ണീരണിയിക്കുന്നതായി.വയനാട്ടിലേക്ക് വെറുതെ വണ്ടിയോടിച്ച് വരുന്ന ദിനങ്ങളിൽ നെല്ലിച്ചോടേന്ന് വിളിച്ച് വിരുന്നൂട്ടാൻ ഇനി നീയില്ലല്ലോടാ.

മുണ്ടക്കൈ മസ്ജിദിന്റെ വരാന്തയിൽ വർത്തമാനം പറഞ്ഞിരുന്ന വൈകുന്നേരങ്ങൾ, നേരമിരുട്ടും മുമ്പ് ചുരമിറങ്ങണമെന്ന് വാശിപിടിക്കുമ്പോൾ ഇന്നിവിടെ കൂടാമെന്ന സ്നേഹ സൗഹൃദത്തിന്റെ സമ്മർദങ്ങൾ, പറഞ്ഞു തീരാത്ത വിശേഷങ്ങളുടെ പങ്കുവെക്കലുകൾ, നീ സമ്മാനമായി തന്ന അത്തർ കുപ്പികൾ.

വയനാട്ടുകാർ വേറിട്ട മനുഷ്യരാണ്. സ്‌നേഹക്കുളിരിന്റെ കോട കൊണ്ട് ഹൃദയം പൊതിയുന്നവർ. ഒരിക്കൽ പരിചയപ്പെട്ടാൽ പിന്നെ മറവിക്ക് വിട്ടു കൊടുക്കാത്ത വിധം സൗഹൃദം അപ്ഡേറ്റ് ചെയ്യുന്നവർ. ഓര്ക്ക് വല്ലാത്തൊരു സ്നേഹാണ്.

വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയാൽ പിന്നെ നമ്മളാ വീട്ടാരാണ്. അവസാനമായി കണ്ടപ്പോ തലയിലും, താടി രോമങ്ങളിലും പടർന്ന വെള്ളി നൂലുകളെ നോക്കി നീ പറഞ്ഞില്ലേ…. നെല്ലിച്ചോടും നരച്ചൂന്ന്.

നാല്പത് കഴിഞ്ഞാ മനുഷ്യന്റെ മേനിക്ക് മയ്യത്തിന്റെ മണമാണെന്ന എന്റെ പ്രതികരണത്തിന് പ്രാർത്ഥനയായിരുന്നല്ലോ നിന്റെ മറുപടി.ദൂരേക്ക് നോക്കി നമ്മളാസ്വദിച്ച പ്രകൃതി തന്നെ നിന്നെ വിളിച്ചോണ്ട് പോയി.

ഇവിടെ ഇരുന്നാ നിനക്ക് കുറേ കവിത എഴുതാന്ന് ചായത്തോട്ടങ്ങളെ ചൂണ്ടി നീ പറഞ്ഞതും, ഈ നാടിന്റെ കുളിരു പോലെയാണ് എന്റെ അക്ഷരങ്ങളെന്ന് എന്റെ എഴുത്തിനെ പ്രശംസിച്ചതും, എന്താ ഇപ്പോ തീരെ എഴുതാത്തതെന്ന് പരിഭവപ്പെട്ടതും ഓർമ്മകൾ കലങ്ങി മറഞ്ഞൊഴുകുന്നു എന്നുള്ളിൽ.

Leave a Reply

Your email address will not be published. Required fields are marked *