തിരുവനന്തപുരം: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ വീട്ടിലെത്തി യുവതിക്കുനേരേ വെടിയുതിര്‍ത്ത സംഭവത്തില്‍ വനിതാ ഡോക്ടര്‍ അറസ്റ്റില്‍. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഡോ. ദീപ്തിമോള്‍ ജോസിനെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.15-ഓടെ വഞ്ചിയൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ക്രിട്ടിക്കല്‍ കെയര്‍വിഭാഗത്തിലെ പ്രധാന ഡോക്ടറായ ദീപ്തിയെ ഡ്യൂട്ടിക്കിടെ ഉച്ചയ്ക്ക് ആശുപത്രി പരിസരത്തു നിന്നാണ് കസ്റ്റഡിയിലെടുത്തത്.

ദീപ്തിമോള്‍ ജോസും വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജീത്തും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് ഡി.സി.പി. നിതിന്‍രാജ് പറഞ്ഞു. സുജീത്തും ദീപ്തിയും ഒന്നരവര്‍ഷം മുന്‍പ് കൊല്ലത്തെ മറ്റൊരു ആശുപത്രിയില്‍ ഒന്നിച്ച് ജോലി ചെയ്തിരുന്നു. ആ സമയത്തുണ്ടായ അടുപ്പമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ദീപ്തിയുടെ ഭര്‍ത്താവും ഡോക്ടറാണ്.

മാസങ്ങളോളം നടത്തിയ തയ്യാറെടുപ്പിന് ശേഷമാണ് തിരക്ക് കുറഞ്ഞ ദിവസംനോക്കി കഴിഞ്ഞ ഞായറാഴ്ച പെരുന്താന്നി ചെമ്പകശേരി പങ്കജിലെത്തി ഷിനിയെ വെടിവെച്ചത്. ആക്രമണത്തിന് ഉപയോഗിച്ച എയര്‍പിസ്റ്റള്‍ ഓണ്‍ലൈനായി വാങ്ങിയതാണ്. പിസ്റ്റള്‍ ഉപയോഗിക്കാനും വെടിവയ്ക്കാനും ഇന്റര്‍നെറ്റില്‍ നോക്കി മാസങ്ങളോളം പരിശീലനം നടത്തിയിരുന്നു. ഡോക്ടര്‍ ആയതിനാല്‍ ശരീരത്തിലേല്‍ക്കുന്ന പരിക്കിനെക്കുറിച്ചും മരണസാധ്യതയും അവര്‍ക്ക് അറിയാമായിരുന്നു. ബന്ധുവിന്റെ വാഹനം താത്കാലികമായി വാങ്ങി എറണാകുളത്തെത്തി വ്യാജ നമ്പര്‍ പ്ലേറ്റ് തയ്യാറാക്കുകയും ചെയ്തു. സംഭവ ദിവസംതന്നെ ആളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിരുന്നു. കൊല്ലം വരെയുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ചും കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലൊടുവിലാണ് ദീപ്തിയെ കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *