പാരീസ് ഒളിമ്പിക്‌സ് ആരംഭിച്ചതുമുതല്‍ കായികപ്രേമികള്‍ കാത്തിരിക്കുന്നത് അത്ലറ്റിക്‌സിലെ ഗ്ലാമര്‍ പോരാട്ടങ്ങള്‍ക്കാണ്. വ്യാഴാഴ്ച 20 കിലോമീറ്റര്‍ നടത്തമത്സരങ്ങളോടെ ആദ്യം ട്രാക്കുണരും. അടുത്തദിവസങ്ങളില്‍ ഫീല്‍ഡും സജീവമാകും. 48 വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. അര്‍മാന്‍ഡ് ഡ്യുപ്ലാന്റിസ്, ഷെല്ലി ആന്‍ ഫ്രേസര്‍, എല്യൂദ് കിച്ച്ചോഗെ, ഷാകാരി റിച്ചാര്‍ഡ്സന്‍, നോഹ ലൈല്‍സ് തുടങ്ങിയ വമ്പര്‍ പാരീസിലെത്തിയിട്ടുണ്ട്. ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷ ജാവലിന്‍താരം നീരജ് ചോപ്രയിലാണ്. ഈ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യനാണ് ഇന്ത്യന്‍താരം.
9.77 സെക്കന്‍ഡില്‍ ഈവര്‍ഷം ഓടിയെത്തിയ ജമൈക്കയുടെ കിഷാനെ തോംപ്സണ്‍, യു.എസിന്റെ ഫ്രെഡ് കെര്‍ലി, ഇറ്റലിയുടെ മാര്‍സല്‍ ജേക്കബ്, ദക്ഷിണാഫ്രിക്കയുടെ അകാനി സിംബിനെ, കെനിയയുടെ ഫെര്‍ഡിനാന്‍ഡ് ഒമന്യാല എന്നിവര്‍ സുവര്‍ണമെഡല്‍ മോഹികളാണ്.വനിതകളില്‍ ഷാകാരി റിച്ചാര്‍ഡ്സന്‍ 10.71 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തതാണ് ഈ വര്‍ഷത്തെ മികച്ച സമയം. ജമൈക്കയുടെ ഷെറീക്ക ജാക്‌സന്‍, ഷെല്ലി ആന്‍ ഫ്രേസര്‍, ബ്രിട്ടന്റെ ഡിന ആഷര്‍ സ്മിത്ത് എന്നിവര്‍ ഷാകാരിക്ക് കനത്തവെല്ലുവിളിയുയര്‍ത്തും. ഓഗസ്റ്റ് അഞ്ചിന് ഇരുവിഭാഗങ്ങളിലേയും വേഗതാരങ്ങളെ അറിയാം.