കല്പറ്റ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന ചൂരല്‍ മലയില്‍ സന്ദര്‍ശനം നടത്തി. മഴയ്ക്കിടയിലായിരുന്നു ഇരുവരുടേയും സന്ദര്‍ശനം.
ഇരുവരും മേപ്പാടിയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററും സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലുള്‍പ്പടെയുള്ള പാര്‍ട്ടി നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു. വയനാട് മുന്‍ എംപി കൂടിയാണ് രാഹുല്‍.
ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും രാഹുല്‍ സന്ദര്‍ശനം നടത്തും. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുല്‍ റോഡ് മാര്‍ഗമാണ് വയനാട്ടിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പടെയുള്ളവരും വയനാട്ടിലുണ്ട്.