മേപ്പാടി: നാട്ടിൽ കുടുംബം സുരക്ഷിതരാണെന്ന വിശ്വാസത്തിലാണ് ഷാഹിദ് ഗൾഫിൽ ജോലി ചെയ്തിരുന്നത്. അപ്രതീക്ഷിതമായി പൊട്ടിയൊലിച്ച മലവെള്ള പാച്ചിലിൽ കുടുംബത്തെ കാണാതായെന്ന വിവരമറിഞ്ഞു നെഞ്ചുനീറിയാണ് നാട്ടിലേക് ഇദ്ദേഹം എത്തിയത്.
അവരെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ എത്തിയ ഷാഹിദിനു കാണേണ്ടി വന്നത് ഉപ്പയുടെ മൃതദേഹം.ഉമ്മ ഉൾപ്പെടെ കുടുംബത്തിലെ ആറ് പേരെ കാണാനില്ലെന്ന വിവരം കൂടി അറിഞ്ഞതോടെ ഹൃദയം നിലച്ച നിലയിലാണ് ഷാഹിദ്. മേപ്പാടി ഗവ.എച്ച്എസ്എസിലെ ദുരിതാശ്വാസ ക്യാംപിലിരിക്കുന്ന ഷാഹിദിനെ ആശ്വസിപ്പിക്കാനാകാതെ വിതുമ്പുകയാണ് മറ്റു ബന്ധുക്കൾ.
ഷാഹിദിന്റെ വീടുൾപ്പടെ അടുത്ത കുടുംബത്തിലെ മൂന്ന് വീടുകളാണ് ചൂരൽമലയിൽ ഉണ്ടായ ദുരിതത്തിൽ ഒലിച്ചുപോയത്.ഉപ്പ അഷറഫ്, ഉമ്മ റംല എന്നിവരെ കാണാനില്ലെന്ന വിവരമറിഞ്ഞാണു ഷാഹിദ് ഗൾഫിൽ നിന്നു വന്നത്. ഉപ്പയുടെ മൃതദേഹം കണ്ടെടുത്തു കബറടക്കി.
ഉമ്മയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബന്ധുക്കളായ റുക്കിയ, മകൻ ഉനൈസ്, ഭാര്യ സഫീന, മകൻ അമീൻ, മകൾ നജ ഫാത്തിമ എന്നിവർക്കു വേണ്ടിയും തിരച്ചിൽ തുടരുകയാണ്.