കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ ഏഴാം ദിവസവും തിരച്ചിൽ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സോണുകളായി തിരിച്ചാണ് പരിശോധന നടന്നതെങ്കിൽ ഇന്ന് ചൂരൽമലയിലാണ് തിരച്ചിൽ കൂടുതലായി നടക്കുന്നത്.
ചൂരൽമലയിൽ ബെയ്ലി പാലത്തിനോട് ചേർന്ന ഭാഗങ്ങളിലും പുഴയുടെ ഭാഗങ്ങളിലുമാണ് പരിശോധന കേന്ദ്രീകരിക്കുന്നത്. ഏറെ മൃതദേഹങ്ങൾ കണ്ടെടുത്തതിനാലും ബാക്കിയുള്ളവർ ക്യാമ്പിലേക്ക് പോയതിനാലും മുണ്ടക്കൈയിലെ മുകൾ ഭാഗത്തേക്കുള്ള തിരച്ചിൽ വലിയ രീതിയിൽ നടത്തേണ്ട കാര്യമില്ലെന്ന നിലപാടിലാണ് ദൗത്യസംഘം
തിരച്ചിലിനായി ജില്ലാഭരണകൂടം, തദ്ദേശ സ്ഥാപന പ്രതിനിധികൾ, പ്രദേശവാസികൾ, പോലീസ്, സൈന്യം എന്നിവരെ ഉൾപ്പെടുത്തി സമിതി രൂപവത്കരിക്കുമെന്ന് എ.ഡി.ജി.പി. എം.ആർ.അജിത് കുമാർപറഞ്ഞു.ഓരോ ഭാഗങ്ങളിൽ തിരച്ചിൽ പൂർത്തിയാക്കി തൊട്ടടുത്ത മേഖലയിലേക്ക് പോകുംവിധമായിരിക്കും പരിശോധന.
സമിതി രൂപവത്കരിക്കണമെന്ന് ജില്ലാ ഭരണകൂടത്തോട് പോലീസ് അഭ്യർഥിച്ചിട്ടുണ്ട്. സൈന്യത്തിന്റെ ആവശ്യമാണിത്. തീരുമാനം ഇന്നുതന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, അദ്ദേഹം വ്യക്തമാക്കി.”