കൽപ്പറ്റ: മുണ്ടക്കൈയില്‍ ഉരുളെടുത്തവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരുന്നു. കാലാവസ്ഥ അനുകൂലമായതോടെ തിരച്ചിലിനായി എയർ ഫോഴ്സ് ഹെലികോപ്റ്റർ കൽപ്പറ്റയില്‍ നിന്ന് സൂചിപ്പാറയിലേക്ക് പുറപ്പെട്ടു.
ഓപ്പറേഷൻ ഏകകോപ്പിക്കുന്നത് ആലപ്പുഴ സ്വദേശിയായ ആർമി ലഫ്റ്റനന്റ് കേണൽ ഋഷിയാണ്. സൺറൈസ് വാലി കേന്ദ്രീകരിച്ചാവും പരിശോധന നടത്തുക.
വനമേഖല കേന്ദ്രീകരിച്ച് തിരച്ചിൽ ഊര്‍ജിതമാക്കും. മൃതദേഹങ്ങൾ ഉണ്ടെങ്കിൽ എയര്‍ലിഫ്റ്റ് ചെയ്യും. 12 അംഗ സംഘമാണ് തിരച്ചിലിനിറങ്ങുന്നത്. രണ്ടു സംഘങ്ങളാണ് ഹെലികോപ്റ്ററിൽ തിരച്ചിലിനായി തിരിച്ചത്.
ആറുപേർ ഉൾപ്പെടുന്ന രണ്ടാമത്തെ സംഘത്തിൽ നാലുപേർ എസ് ഒ ജി കമാൻഡോസാണ് ഉള്ളത്.സൂചിപ്പാറ മുതൽ പോത്തുകല്ല് വരെയുള്ള ഭാഗത്ത് ഇന്ന് തിരച്ചിൽ നടത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ചിലയിടങ്ങളിൽ ഹെലികോപ്റ്റർ ഇറക്കാൻ സ്ഥലമില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ ജിതിൻ വിശ്വനാഥ് പറഞ്ഞിരുന്നു. സൺറൈസ് വാലിയിൽ രൂപപ്പെട്ട തുരുത്തിലാണ് ഹെലികോപ്റ്റർ ഇറങ്ങുക. മുന്‍പ് സൺറൈസ് വാലിയിൽ വന്യമൃഗങ്ങളുടെ ശല്യം ഉണ്ടായിരുന്നു.
ഉരുൾപൊട്ടലിന് പിന്നാലെ മൃഗങ്ങൾ മീൻമുട്ടിയിലേക്ക് രക്ഷപ്പെട്ടു. കരടിയും പുലിയും കടുവയുമൊക്കെ ഉണ്ടായിരുന്നയിടത്ത് ഉരുൾ പൊട്ടലിനു ശേഷം ജീവികളുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ജിതിൻ വിശ്വനാഥ് പറഞ്ഞു.
അതേസമയം, പുനഃരധിവാസത്തിന് ദുരന്ത നിവാരണ നിധിയിൽ നിന്ന് കൂടുതൽ തുക ഉറപ്പാക്കാൻ എൽ ത്രീ നിലയിലുള്ള ദുരന്തമായി മുണ്ടക്കൈ ഉരുൾപൊട്ടലിനെ പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ വീണ്ടും ആവശ്യപ്പെടും. ദുരിതബാധിതരുടെ പുനഃരധിവാസത്തിനായി എല്ലാവരുടേയും സഹായത്തോടെ ബൃഹദ് പാക്കേജ് തയ്യാറാക്കും.
ദുരന്തബാധിതരായ കുട്ടികളുടെ പഠനത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കും. തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും മറവ് ചെയ്യുന്നതിന് ഹാരിസൺ പ്ലാൻ്റേഷൻ്റെ 50 സെൻ്റ് സ്ഥലം കൂടി ദുരന്ത നിവാരണ നിയമ പ്രകാരം ജില്ലാ കളക്ടർ ഏറ്റെടുക്കും
. 30 മൃതദേഹങ്ങളാണ് ഇന്നലെ സംസ്ക്കരിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് പിന്നീട് തിരിച്ചറിയാനുള്ള അടയാളങ്ങളോടെ സർവ്വമത പ്രാർത്ഥനയ്ക്ക് ശേഷമാണ് സംസ്കാരം നടത്തിയത്.