പാരിസ്: പാരിസ് ഒളിംപിക്സ് വനിത ഗുസ്തി 50 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് സെമിയിൽ. ക്വാർട്ടറിൽ യുക്രൈന്റെ ഒക്സാന ലിവാച്ചിനെ പരാജയപ്പെടുത്തിയാണ് വിനേഷ് സെമിയിൽ കടന്നത്.
7-5 എന്ന സ്കോറിനാണ് ഇന്ത്യൻ താരത്തിന്റെ വിജയം. ഒരു ഘട്ടത്തിൽ 4-0ത്തിന് വിനേഷ് ലീഡ് ചെയ്തിരുന്നു. എന്നാൽ യുക്രൈൻ താരം ശക്തമായി തിരിച്ചുവരികയായിരുന്നു.
ഒരു വിജയവും കൂടി നേടിയാൽ വിനേഷിന് പാരിസ് ഒളിംപിക്സിൽ മെഡൽ ഉറപ്പിക്കാം. ഇന്ന് രാത്രി 10.13നാണ് സെമി ഫൈനൽ നടക്കുക.ഇന്ന് തന്നെ നടന്ന മറ്റൊരു മത്സരത്തിൽ ഒന്നാം സീഡുകാരിയും ടോക്കിയോ ഒളിംപിക്സ് സ്വർണ മെഡൽ ജേതാവുമായ ജപ്പാന്റെ സുസാകി യുയിയെ അട്ടിമറിച്ചാണ് വിനേഷ് ഫോഗട്ട് ക്വാർട്ടർ ഫൈനലിന് യോഗ്യത നേടിയത്.
3–2 എന്ന സ്കോറിലാണ് വിനേഷിന്റെ വിജയം. ഈ മത്സരത്തിൽ 2-0ത്തിന് പിന്നിൽ നിന്ന ശേഷമാണ് ഇന്ത്യൻ താരം ശക്തമായി തിരിച്ചുവന്നത്.