മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ അഭ്യർത്ഥിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എകെ ആന്റണി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എകെ ആന്റണി അൻപതിനായിരം രൂപ നൽകും.
രാഷ്ട്രീയം മറന്ന് ദുരന്തത്തിൽ അകപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ പ്രവർത്തനം നടത്തണമെന്നും എകെ ആന്റണി പറഞ്ഞു.53 കോടി 98 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുണ്ടെന്നും ജൂലൈ 30 മുതൽ ലഭിച്ച ഓരോ രൂപയും വയനാടിനായി ചെലവഴിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
പോർട്ടൽ വഴിയും യുപിഐ വഴിയും ലഭ്യമാകുന്ന തുകയുടെ വിവരങ്ങൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്നും ദുരിതാശ്വാസനിധിയിൽ ലഭിക്കുന്ന പണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സുതാര്യമാണെന്നുംമുഖ്യമന്ത്രി പറഞ്ഞിരുന്നു.ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരും അധ്യാപകരും സംഭാവന നൽകാൻ മുന്നോട്ടുവന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു.
ഇത് സംബന്ധിച്ച സർക്കാർ അഭ്യർത്ഥന പൊതുവേ സ്വീകരിക്കപ്പെട്ടു. സർക്കാർ ജീവനക്കാരും പൊതു മേഖലാ സ്ഥാപനങ്ങളിലും എയ്ഡഡ് സ്‌കൂൾ കോളേജുകളിലും ജോലി ചെയ്യുന്നവരും ഇതിൽ പങ്കാളികളാവുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.