ഒളിമ്പിക് ഗുസ്തി ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്രനേട്ടത്തോടെ മെഡലുറപ്പിച്ചിരിക്കുകയാണ് വിനേഷ് ഫോഗട്ട്. ഫൈനലിൽ കടന്നതോടെ ഇന്ത്യ പാരീസ് ഒളിമ്പിക്സിൽ സുവർണ മെഡലിനരികെയെത്തുകയുംചെയ്തിരിക്കുകയാണ് ഇന്ത്യ.
രാജ്യത്തെ ഈ നേട്ടത്തിലേക്കെത്തിച്ച വിനേഷ് ഫോഗട്ടിന് നാനാതുറകളിൽനിന്നും അഭിനന്ദനങ്ങൾ ഒഴുകിയെത്തുകയാണ്. ഈയവസരത്തിൽ നടിയും എം.പിയുമായ കങ്കണ റണൗട്ട് വിനേഷ് ഫോഗട്ടിന്റെ നേട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചിരിക്കുകയാണ് കങ്കണ.
പാരീസ് ഒളിമ്പിക്സിൽ ഇന്ത്യ ആദ്യ സ്വർണമെഡൽ ഉറപ്പിച്ചെന്ന് അവർ എഴുതി. ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധത്തിൽ വിനേഷ് ഫോഗട്ട് പങ്കെടുക്കുകയും മോദിക്കെതിരെ മുദ്രാവാക്യം വിളിക്കുകയുംചെയ്തു.
എന്നിട്ടും അവർക്ക് മികച്ച പരിശീലനവും കോച്ചുമാരെയും സൗകര്യങ്ങളും രാജ്യത്തെ പ്രതിനിധീകരിക്കാനുമുള്ള സൗകര്യങ്ങൾ നൽകി. അതാണ് ജനാധിപത്യത്തിന്റെയും വലിയ ഒരു നേതാവിന്റെയും സൗന്ദര്യമെന്നും കങ്കണ കൂട്ടിച്ചേർത്തു.
50 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗം സെമിഫൈനലിൽ ക്യൂബയുടെ യുസ്‌നൈലിസ് ഗുസ്മാൻ ലോപ്പസിനെ കീഴടക്കിയാണ് ഫൈനൽ പോരാട്ടത്തിന് അർഹത നേടിയത് (5-0). ബുധനാഴ്ച നടക്കുന്ന ഫൈനലിൽ ഫോഗട്ട് അമേരിക്കയുടെ സാറ ഹിൽഡ്ബ്രാണ്ടിനെ നേരിടും.
ഫൈനലിൽ കടന്നതോടെ ഇന്ത്യ പാരീസ് ഒളിമ്പിക്സിൽ സുവർണമെഡലിനരികെയെത്തി. ഫൈനലിൽ കീഴടങ്ങിയാൽ വെള്ളി മെഡൽ ലഭിക്കും. രണ്ടായാലും ഇന്ത്യൻ വനിതാ ഗുസ്തിയിൽ അത് ചരിത്ര മെഡലാകും. ബുധനാഴ്ചയാണ് ഫൈനൽ മത്സരം