24z7news.org

സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള സംവരണത്തിന്റെ മാനദണ്ഡങ്ങള്‍ക്കെതിരെയായിരുന്നു ബംഗ്ലാദേശിൽ വിദ്യാർത്ഥി പ്രക്ഷോഭം ആരംഭിക്കുന്നത്.

ബംഗ്ലാദേശ് അഭിമുഖീകരിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ വിഷയങ്ങളായിരുന്നു വിദ്യാർത്ഥി സമരത്തിൻ്റെ തുടക്കമെന്നാണ് ആ ഘട്ടത്തിൽ വിലയിരുത്തപ്പെട്ടിരുന്നത്.

ജീവിത സുരക്ഷിതത്വം കൂടുതലുള്ള സർക്കാർ തൊഴിലവസരങ്ങളിൽ 56 ശതമാനവും സംവരണത്തിൻ്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന സാഹചര്യം അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകരെയും വിദ്യാർത്ഥികളെയും കാലങ്ങളായി ആശങ്കയിലാക്കിയിരുന്ന വിഷയമാണ്.

അടുത്തിടെ ബംഗ്ലാദേശിൻ്റെ സാമ്പത്തിക മേഖലയിൽ ഉണ്ടായ പ്രതിസന്ധികളും സ്വകാര്യ തൊഴിൽ അവസരങ്ങളുടെ കുറവും സംവരണ വിരുദ്ധ നിലപാട് സ്വീകരിക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചു എന്നതും പ്രക്ഷോഭത്തിന് സ്വീകാര്യത കിട്ടാൻ കാരണമായി എന്ന് വ്യക്തം.

ബംഗ്ലാദേശ് വിമോചനത്തിന് തൊട്ടുപിന്നാലെ ഏർപ്പെടുത്തിയ ബംഗ്ലാദേശി ക്വാട്ട സമ്പ്രദായം കഴിഞ്ഞ അരനൂറ്റാണ്ടിനിടെ നിരവധി പരിവർത്തനങ്ങൾക്ക് വിധേയമായിരുന്നു. ബംഗ്ലാദേശ് സ്വതന്ത്രമായതിന് പിന്നാലെ 1972-ൽ ഷെയ്ഖ് മുജീബുർ റഹ്മാനാണ് ബംഗ്ലാദേശി ക്വാട്ടാ സംവരണം ആവിഷ്കരിച്ചത്.

തുടക്കത്തിൽ 80 ശതമാനം സർക്കാർ ജോലികളും സ്വാതന്ത്ര്യ സമര സേനാനികൾ, 1971 ലെ യുദ്ധം ബാധിച്ച സ്ത്രീകൾ, രാജ്യത്തെ ദരിദ്ര പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ എന്നിവർക്കായി നീക്കിവെയ്ക്കുന്ന നിലയിലാണ് സംവരണം ആരംഭിച്ചത്.

എന്നാൽ 1976ൽ യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള നിയമനം 40 ശതമാനമാക്കി ഉയർത്തി. പിന്നീട് 1990കളിലെ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ഭാഗമായി തന്നെ സംവരണത്തിനെതിരായ പ്രതിഷേധങ്ങൾക്കും തുടക്കമായി. 1996ലും സംവരണ ശതമാനത്തിൽ മാറ്റം വരുത്തിയിരുന്നു.

ഏറ്റവും ഒടുവിൽ 56 ശതമാനമായിരുന്നു ബംഗ്ലാദേശി ക്വാട്ട സമ്പ്രദായം.

പൊതുമേഖലാ ജോലികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബംഗ്ലാദേശ് വിമോചന പോരാട്ടത്തിൽ പങ്കെടുത്തവരുടെ മക്കൾക്കും കൊച്ചുമക്കൾക്കുമായി 30 ശതമാനം, സ്ത്രീകൾക്ക് 10 ശതമാനം, പിന്നാക്ക ജില്ലകളിൽ നിന്നുള്ള ഉദ്യോഗ്യാർത്ഥികൾക്ക് 10 ശതമാനം, ഗോത്രവർഗ്ഗ-ന്യൂനപക്ഷക്കാർക്ക് 5 ശതമാനം, ഭിന്നശേഷിക്കാർക്ക് 1 ശതമാനം എന്നിങ്ങനെയായിരുന്നു ക്വാട്ടാ സംവരണത്തിലെ മാനദണ്ഡങ്ങൾ.

2018ൽ ക്വാട്ടാ സംവരണത്തിനെതിരായി ബംഗ്ലാദേശിൽ പ്രക്ഷോഭം പൊട്ടിപുറപ്പെട്ടു.

ഇതിന് പിന്നാലെ സർക്കാർ ക്വാട്ട സമ്പ്രദായം നിർത്തലാക്കുകയായിരുന്നു. സർക്കാർ ജോലിയിൽ 9 മുതൽ 13 വരെയുള്ള ഗ്രേഡുകളിലെ (മുമ്പ് ഫസ്റ്റ്, സെക്കൻഡ് ക്ലാസ് ജോലികൾ എന്നറിയപ്പെട്ടിരുന്നു) എല്ലാത്തരം ക്വാട്ടകളും സർക്കാർ ഒഴിവാക്കി

Leave a Reply

Your email address will not be published. Required fields are marked *