തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്. ‘ആക്ഷന്‍ ഓണ്‍ ഹേമ റിപ്പോര്‍ട്ട്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാകും പ്രക്ഷോഭം.
29ന് സംസ്ഥാനത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ജില്ലാ കളക്ടറേറ്ററുകള്‍ക്ക് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യമുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സജി ചെറിയാനെതിരെ വിമര്‍ശനം ശക്തമായിരുന്നു. ലൈംഗികാരോപണത്തെ തുടര്‍ന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച രഞ്ജിത്തിനെ പിന്തുണച്ചുകൊണ്ടുള്ള സജി ചെറിയാന്റെ ആദ്യ പ്രതികരണവും വിവാദമായിരുന്നു.
മന്ത്രി സജി ചെറിയാനും ആരോപണ വിധേയനായ മുകേഷും രാജി വെക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.ആരോപണ വിധേയരായ താരങ്ങള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകവെ താരസംഘടനയായ എംഎംഎയില്‍ പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കം മുഴുവന്‍ ഭാരവാഹികളും രാജിവെച്ചു.
ഇന്ന് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലായിരുന്നു തീരുമാനം. ഇതോടെ എഎംഎംഎയുടെ ഭരണസമിതി പിരിച്ചുവിട്ടു. എഎംഎംഎയുടെ വീഴ്ച സമ്മതിച്ചാണ് കൂട്ടരാജി.
സിനിമാ മേഖലയിലെ പ്രശ്‌നങ്ങളില്‍ എഎംഎംഎ ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമര്‍ശം ഏറ്റെടുത്താണ് ഭരണസമിതി പിരിച്ചുവിട്ടത്. വിമര്‍ശനങ്ങളുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്തുകൊണ്ടാണ് മോഹന്‍ലാലിന്റെ രാജി.