തിരുവനന്തപുരം: സെൻട്രൽ ജയിലിൽനിന്ന് ജയിൽ ചാടിയ കൊലക്കേസ് പ്രതിയെ എട്ടുദിവസത്തിന് ശേഷം മധുരയിൽനിന്ന് പിടികൂടി. ഇടുക്കി വണ്ടൻമേട് സ്വദേശി മണികണ്ഠനാണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് പൂജപ്പുര സെൻട്രൽ ജയിലിൽനിന്നു ഇയാൾ രക്ഷപ്പെട്ടത്.
സി.സി.ടി.വി. ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ മധുര ബസ് സ്റ്റാൻഡിൽനിന്നാണ് ഇയാളെ പിടികൂടിയത്.കൊലക്കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിച്ചുവരികയായിരുന്ന മണികണ്ഠൻ ചപ്പാത്തി പ്ലാന്റിൽനിന്നാണ് ഒളിച്ചുകടന്നത്.
ചപ്പാത്തി പ്ലാന്റിലെ ജനറേറ്ററിന് ഡീസലടിക്കാൻ പ്ലാന്റിനു പുറത്തെത്തിച്ച തക്കത്തിലായിരുന്നു മതിൽ ചാടി രക്ഷപ്പെട്ടത്.ശിക്ഷയ്ക്കിടെ നേരത്തേ പരോളിലിറങ്ങി മുങ്ങിയിട്ടുള്ള മണികണ്ഠനെ ആറുമാസം മുൻപാണ് പോലീസ് പിടികൂടി സെൻട്രൽ ജയിലിലെത്തിച്ചത്.
പിന്നാലെയായിരുന്നു ജയിൽ ചാട്ടം. രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിക്കു സമീപമുള്ള ജയിൽ ക്വാർട്ടേഴ്‌സ് വളപ്പ് വഴിയാണ് പുറത്തേക്കു കടന്നത്.
അവിടെനിന്ന് കരമന വഴി ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നു.പ്രതിയെ പിടികൂടുന്നതിനായി പൂജപ്പുര സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ അനിൽരാജ്, അർജുൻ എസ്.എൽ., കിരൺ സി.എസ്., അസിസ്റ്റന്റ് പ്രിസൺ ഓഫീസർ അർജ്ജുൻ മോഹൻ എന്നീ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
ഈ സംഘം കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി പ്രതിയെ കണ്ടെത്തുന്നതിനായി കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ സ്ഥലങ്ങളിൽ പരിശോധനകൾ നടത്തിവരികയായിരുന്നു. എസ്.ഐ. അഭിജിത്തിന്റെ നേതൃത്വത്തിൽ പൂജപ്പുര പോലീസ് സംഘവും ഒപ്പമുണ്ടായിരുന്നു.
വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പിന്തുർന്നാണ് സംഘം മധുരയിലെത്തിയത്. തമിഴ്‌നാട് തിരുപ്പൂരിൽനിന്ന് രണ്ടാം വിവാഹം കഴിച്ച ഇയാൾ അവിടേക്ക് കടക്കുന്ന വഴിക്കാണ് മധുര ബസ് സ്റ്റാൻഡിൽനിന്ന് പിടിയിലായത്.