24x7news.org

തിരുവനന്തപുരം: സിനിമ മേഖലയിലെ ആക്ഷേപങ്ങൾ ആദ്യമല്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാതിരിക്കാനാണ് സർക്കാർ ശ്രമിച്ചത്.

കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.എത്ര ഉന്നതരായാലും നിയമം നിയമത്തിന്റെ വഴിക്ക് പോകണം. മുകേഷ് എംഎൽഎ സ്ഥാനം ഒഴിയണമോ എന്ന് സിപിഐഎം തീരുമാനിക്കട്ടെ.

സുരേഷ് ഗോപി എപ്പോഴും ഒരു സിനിമ സ്റ്റൈലിലാണ് പ്രവർത്തിക്കുന്നത്. കേന്ദ്ര മന്ത്രി എന്ന സ്ഥാനം ഉയർത്തിപ്പിടിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ലൈംഗികാതിക്രമ ആരോപണങ്ങൾക്ക് പിന്നാലെ സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷ് ഒഴിയും. സിപിഐഎം തീരുമാനത്തിലാണ് നടപടി. സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ ഒഴിവാക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു.

എംഎല്‍എ സ്ഥാനത്ത് നിന്ന് മുകേഷ് രാജിവെക്കുന്നില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും പൊതുവായ സിനിമാ നയം രൂപീകരിക്കുന്നതിന്റെ ആവശ്യകതയുടെയും പശ്ചാത്തലത്തിലായിരുന്നു ഷാജി എന്‍ കരുണ്‍ അധ്യക്ഷനായി സിനിമാ നയരൂപീകരണ സമിതി രൂപീകരിച്ചത്.

എന്നാൽ ലൈംഗികാരോപണ വിധേയനായ മുകേഷ് ഈ സമിതിയിൽ തുടരരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമടക്കം രംഗത്തെത്തുകയായിരുന്നു.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടൻമാരായ സിദ്ധിഖ്, മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മുകേഷ്, സംവിധായകൻ രഞ്ജിത്ത് തുടങ്ങി സിനിമ മേഖലയിലെ നിരവിധി പേർക്കെതിരെ ലൈം​ഗീകാരോപണങ്ങൾ ഉയർന്നിരുന്നു.

സിദ്ധിഖിനെതിരെ നടി പൊലീസിൽ പരാതി നൽകിയിരുന്നു. കേസിൽ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ് സിദ്ദിഖ്.

നടിയുടെ പരാതിയില്‍ ബലാത്സംഗകുറ്റം ചുമത്തിയതിനെ തുടര്‍ന്നാണ് കോടതിയെ സമീപിക്കുന്നത്. ആരോപണത്തിന് പിന്നാലെ സിദ്ദിഖ് എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജി വെച്ചിരുന്നു. ജയസൂര്യക്കെതിരെ ആരോപണം ഉയർത്തിയ നടി പൊലീസിൽ പരാതി നൽകി.

തൊുടുപുഴയിലെ ലൊക്കേഷനിൽവെച്ച് ദുരനുഭവമുണ്ടായെന്നാണ് പരാതിയിൽ പറയുന്നത്. നടിയെ കടന്നുപിടിച്ചുവെന്നായിരുന്നു ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *