സൗദിയിലെ അൽ കോബാറിൽ താമസ സ്ഥലത്ത് മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശികളായ അനൂപ് മോഹൻ (35 ) ഭാര്യ വസന്തകുമാരി രമ്യമോൾ എന്നിവരെയാണ് തുക്ബയിലെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവരുടെ മകൾ അഞ്ചുവയസ്സുകാരിയുടെ കരച്ചിൽ കേട്ടതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ അറിയിക്കുകയും തുടർന്ന് പൊലീസെത്തി വാതിൽ തുറന്നപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.വസന്തകുമാരിയെ കട്ടിലിൽ മരിച്ച് കിടക്കുന്ന രീതിയിലും അനൂപ് മോഹനനെ മറ്റൊരു റൂമിനകത്ത് തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്താനായത്.

കഴിഞ്ഞ കുറെ വർഷങ്ങളായി സനയ്യ ഏരിയയിൽ വർക് ഷോപ്പ് ജോലി ചെയ്തു വരികയായിരുന്നു അനൂപ് , സൗദിയിൽ വിസിറ്റിങ് വിസയിൽ മകളൊടൊപ്പം എത്തിയതായിരുന്നു വസന്തകുമാരി രമ്യമോൾ. മരണ കാരണങ്ങൾ വ്യക്തമായിട്ടില്ല .

ഇരുവരുടെയും മൃതദേഹം ദമ്മാം മെഡിക്കൽ കോംപ്ലക്സ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.ഇവരുടെ മകൾ ആരാധിക അനൂപിനെ സാമൂഹ്യ പ്രവർത്തകനും ലോകകേരള സഭാംഗവുമായ നാസ് വക്കം ഏറ്റുവാങ്ങി മറ്റൊരു കുടുംബത്തോടൊപ്പം താമസിപ്പിച്ചിരിക്കുകയാണിപ്പോൾ . നിയമ നടപടികൾ പൂർത്തിയാക്കി കുട്ടിയെ വേഗത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും നാസ് വക്കം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *