താരസംഘടനയായ അമ്മയുടെ ഭരണ സമിതിയിലെ കൂട്ടരാജിയില്‍ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്. ബര്‍ഖ ദത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. എത്ര ഭീരുക്കളാണ് ഇവര്‍ എന്നാണ് ഈ വാര്‍ത്ത കേട്ടപ്പോള്‍ ആദ്യം തോന്നിയതെന്ന് പാര്‍വതി പറഞ്ഞു.

ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് അടക്കം ഉത്തരവാദിത്തത്തോടെ സംസാരിക്കേണ്ട സ്ഥാനത്തിരുന്നവരാണ് ഇവരെന്നും ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് രാജിയെന്നും പാര്‍വതി പറഞ്ഞു. സ്ത്രീകള്‍ ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നയിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ആളുകളെ സംസാരിക്കാന്‍ അനുവദിക്കാത്ത അസോസിയേഷനില്‍ നിന്ന് സന്തോഷത്തോടെയാണ് രാജിവച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ഗവണ്‍മെന്റും മറ്റ് സംവിധാനങ്ങളുമായി ചേര്‍ന്ന് ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ശ്രമം അവര്‍ നടത്തിയിരുന്നെങ്കില്‍ എത്ര നന്നാകുമായിരുന്നു.

ഇതേ കമ്മിറ്റിയാണ് നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് പിന്നില്‍ അണിനിരന്നത്. തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ പുറത്തുവരുന്നതുവരെ ഇത്തരം സംഭവങ്ങളൊന്നും യഥാര്‍ത്ഥത്തില്‍ ഇല്ലെന്ന് അവകാശപ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണിത്.

സര്‍ക്കാര്‍ വിഷയത്തില്‍ അലംഭാവം കാണിക്കുകയാണെന്നും പാര്‍വതി പറഞ്ഞു. പൊതുസമൂഹത്തിന്റെ കുറ്റവും പരിഹാസവും ഏറ്റുവാങ്ങേണ്ട അവസ്ഥയിലേക്ക് സ്ത്രീകള്‍ എത്തും. അതിനു ശേഷം ഞങ്ങള്‍ക്കെന്തു സംഭവിക്കുന്നു, ഞങ്ങളുടെ കരിയറിന് എന്തുപറ്റുന്നു, ഞങ്ങളുടെ മാനസികാരോഗ്യം ഇതിനെ കുറിച്ചൊന്നും ആരും ചിന്തിക്കുന്നില്ല – പാര്‍വതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *