കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തം അനുഭവിക്കുന്നവര്‍ക്ക് 10,000 രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കുന്ന നാല് വാര്‍ഡുകളിലുള്ളവര്‍ക്കാണ് 10,000 രൂപ വിതം നല്‍കുക.

തൊഴിലാശ്വാസ സഹായമായി 3,000 രൂപ വീതം കുടുംബത്തിലെ ഒരാള്‍ക്കും ലഭിക്കും. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.താത്കാലിക പുനരധിവാസം എന്ന നിലയില്‍ മാറി താമസിക്കുന്നവര്‍ക്ക് വാടക വീട്ടില്‍ താമസിക്കുവാന്‍ 6000 രൂപ നല്‍കും. ദുരന്ത ബാധിത വാര്‍ഡുകളിലെ എല്ലാവര്‍ക്കും സൗജന്യ റേഷന്‍ ഉറപ്പു വരുത്താനും തീരുമാനിച്ചു.

വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരേയും സര്‍ക്കാര്‍ ചേര്‍ത്തു പിടിക്കുമെന്ന് മന്ത്രി കെ രാജന്‍ പ്രതികരിച്ചു.ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട വിലങ്ങാട് ഉരുള്‍പ്പൊട്ടലില്‍ വലിയ നാശനഷ്ടമാണ് സംഭവിച്ചത്. 14 വീടുകള്‍ പൂര്‍ണമായും ഒഴുകിപ്പോയി.

112 വീടുകള്‍ വാസയോഗ്യമല്ലാതായി. നാല് കടകളും നശിച്ചു. ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങള്‍ ഉള്‍പ്പെടെ തകര്‍ന്നതില്‍ 156 ലക്ഷം രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പു റോഡ് വിഭാഗം കണക്കാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *