കളമശേരിയില്‍ ഓടുന്ന ബസില്‍ കയറി ഒരാള്‍ കണ്ടക്ടറെ കുത്തിക്കൊന്നു. ഇടുക്കി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. കളമശേരി എച്ച്എംടി ജംങ്ഷനില്‍ വച്ചാണ് അരുംകൊല നടന്നത്. കണ്ടക്ടറെ കുത്തിക്കൊന്ന ശേഷം പ്രതി ബസില്‍ നിന്ന് ഇറങ്ങിയോടി.പ്രതി ഈ പ്രദേശത്ത് തന്നെയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. വൈറ്റില മൊബിലിറ്റി ഹബില്‍ നിന്നും കളമശേരി മെഡിക്കല്‍ കോളജ് വരെ സര്‍വീസ് നടത്തുന്ന ബസിലാണ് കൊലപാതകം നടന്നത്.
അസ്ത്ര എന്ന പേരിലുള്ള സ്വകാര്യ ബസിന്റെ കണ്ടക്ടറാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിലേക്ക് നയിച്ചത് എന്താണെന്ന് പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. അനീഷിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പ്രതിയ്ക്കായി ഊര്‍ജിതമായി അന്വേഷണം നടത്തുകയാണ് പൊലീസ്.
ഡെയ്‌ലോണ്‍ ലൂയിസ് എന്നയാളാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്തിന് സമീപത്തുനിന്ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെത്തി.
ബസ് സര്‍വീസ് അവസാനിപ്പിക്കാനിക്കെ പെട്ടെന്ന് ഇയാള്‍ ബസിലേക്ക് ചാടിക്കയറുകയും കണ്ടക്ടറുടെ കഴുത്തിലും നെഞ്ചിലും കുത്തുകയുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്.