എം മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി നടൻ എം മുകേഷ് എംഎൽഎ. പെരുമൺ പാലത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. പാലത്തിന്റെ നിർമാണ പ്രവർത്തനത്തിന്റെ ചിത്രങ്ങൾ അദ്ദേഹം പങ്കുവച്ചു.അഷ്ടമുടിക്കായലിന് മുകളിൽ കൂട്ടിമുട്ടാതെ നിന്ന പെരുമൺ– പേഴുംതുരുത്ത് പാലത്തിന്റെയും അനുബന്ധ റോഡിന്റെയും നിർമാണം പുരോഗമിക്കുന്നു
. ഇരുഭാഗത്തു നിന്നു നിർമാണം നടത്തിയ പാലത്തിന്റെ മധ്യ ഭാഗത്തിന്റെ രൂപരേഖ സംബന്ധിച്ച തർക്കത്തെ തുടർന്നു ഒരു വർഷമായി നിർമാണം മുടങ്ങിയിരുന്നു.അതേസമയം ബലാത്സംഗക്കേസിൽ അന്വേഷണസംഘത്തോട് സഹകരിക്കാതെ എം മുകേഷ് എംഎൽഎ.
പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും കൊച്ചി മരടിലെ ഫ്ലാറ്റിന്റെ താക്കോൽ മുകേഷ് കൈമാറിയില്ല. ഇന്നലെ വൈകിട്ട് വില്ലയിൽ എത്തിയെങ്കിലും പരിശോധന നടത്താനാകാതെ അന്വേഷണസംഘം മടങ്ങി.അതേസമയം എം മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമാവുകയാണ്.
വിഷയം ഇന്ന് സിപിഐഎം സംസ്ഥാന സമിതി ചര്‍ച്ച ചെയ്‌തേക്കും. കൊല്ലം ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷമാകും മുകേഷിന്റെ രാജി കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. മുകേഷിനെ കൂടി കേൾക്കാൻ സിപിഐഎം നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.സിപിഐഎം കേന്ദ്ര നേതൃത്വത്തിലെ മുതിർന്ന വനിതാ നേതാക്കളും മുകേഷിന്റെ രാജി ആവശ്യപ്പെട്ട സാഹചര്യത്തിൽ സംസ്ഥാന സമിതിയുടെ തീരുമാനം നിർണായകമാണ്.
തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന വാദം സാധൂകരിക്കാൻ ആവശ്യമായ തെളിവുകൾ മുകേഷ് പാർട്ടി നേതൃത്വത്തിന് കൈമാറും എന്നാണ് സൂചന.കഴിഞ്ഞദിവസം ചേർന്ന കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ മുകേഷിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. ഇത് സംസ്ഥാന സമിതിയിലും ആവർത്തിച്ചാൽ മുകേഷിന് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടി വരും.