കൊച്ചി: ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്നുവന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നടി ഷീല. വെളിപ്പെടുത്തലുകൾ കേട്ട് ശരീരം വിറയ്ക്കുന്നുവെന്ന് ഷീല പ്രതികരിച്ചു. മക്കളെപ്പോലെ കണ്ടവർക്കെതിരെയാണ് ആരോപണങ്ങൾ വന്നതെന്നും സ്ത്രീകളുടെ വെളിപ്പെടുത്തൽ തന്നെയാണ് പ്രധാന തെളിവെന്നും അവർ കൂട്ടിച്ചേർത്തു.
ലൈംഗികാതിക്രമം ഉണ്ടായെന്ന് ഒരു സ്ത്രീയും കള്ളം പറയില്ല. പണ്ടും പലരും തന്നോട് ഇത്തരം അനുഭവങ്ങൾ പറഞ്ഞിട്ടുണ്ട്. ആരുടെയും പേര് വെളിപ്പെടുത്താനില്ല. പണ്ട് ലൊക്കേഷനിൽ നിന്ന് പെട്ടെന്ന് ചില നടിമാർ അപ്രത്യക്ഷമാകും. അന്വേഷിക്കുമ്പോൾ വേറെ സിനിമ കിട്ടിപ്പോയി എന്നു പറയും. യഥാർത്ഥ കാരണം എന്താണെന്ന് ഇപ്പോൾ മനസ്സിലാകുന്നുവെന്നും അവർ പറഞ്ഞു
.സിനിമയിൽ രാവണന്മാർ മാത്രമല്ല രാമൻമാരും ഉണ്ട്. തനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ല. എഎംഎംഎയിലെ എല്ലാവരും കുറ്റക്കാരല്ല. ചിലരാണ് മോശക്കാർ. നിർമാതാക്കളുടെയും സംവിധായകരുടെയും റൂമിന് സമീപത്തായി നടിമാരെ താമസിപ്പിക്കുന്നത് മറ്റ് ഉദ്ദേശങ്ങളോടെയാണെന്നും ഷീല പറഞ്ഞു.
അതേസമയം, പീഡനക്കേസില്‍ എം മുകേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേട്ട് തീരുമാനമെടുക്കും.
നടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന പരാതിയില്‍ മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യമില്ലാ വകുപ്പാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. മരട് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ 26ാം തീയതിയാണ് നടി മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. പിന്നീട് ഇമെയില്‍ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.നിലവില്‍ മുകേഷിനെ അറസ്റ്റ് ചെയ്യുന്നതിന് കോടതിയുടെ വിലക്കുണ്ട്. ബലാത്സംഗക്കേസില്‍ പ്രതിയാക്കപ്പെട്ട മറ്റൊരു പ്രമുഖ നടന്‍ സിദ്ധീഖ് മുന്‍കൂര്‍ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. നടിയുടെ പരാതിയെ തുടര്‍ന്ന് മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നത്.