കൊച്ചി: തനിയ്ക്കെതിരായ ലൈംഗികാരോപണക്കേസിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയിൽ. ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന തനിയ്ക്കെതിരെയുണ്ടായ ആരോപണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അഡ്വ. പി. വിജയഭാനു മുഖേന സമർപ്പിച്ച ഹർജിയിൽ പറയുന്നു.
തനിയ്ക്കെതിരായ ആരോപണങ്ങൾ ചില സ്ഥാപിത താൽപര്യക്കാർ മുതലെടുക്കുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ചുമത്തിയിരിക്കുന്ന വകുപ്പ് സംഭവം നടന്നെന്ന് പറയുന്ന സമയത്ത് (2009) ജാമ്യം ലഭിക്കുന്നവ ആയിരുന്നെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ രഞ്ജിത്ത് പറയുന്നു
.ബംഗാളി നടിയാണ് രഞ്ജിത്തിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. ‘പാലേരിമാണിക്യം’ എന്ന സിനിമയുടെ ഓഡിഷനായി വിളിച്ച ശേഷം ലൈംഗികലക്ഷ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു എന്നതാണ് പരാതി. സംഭവത്തിൽ എറണാകുളം നോർത്ത് പോലീസ് കേസെടുക്കുകയും ചെയ്തു. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.”