പൂനെയിൽ അമിതജോലിഭാരത്തെ തുടർന്ന് 26 കാരി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ EY കമ്പനി അധികൃതർ അന്നയുടെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു. അന്നയുടെ മരണത്തിൽ അന്വേഷണം നടത്താമെന്ന് കമ്പനി അധികൃതർ മാതാപിതാക്കൾക്ക് ഉറപ്പ് നൽകിയാണ് മടങ്ങിയത്. പൂനെയിലെ സീനിയർ മാനേജർ അടക്കമുള്ള സംഘമാണ് കൊച്ചിയിലെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടത്.

ഏണസ്റ്റ് ആന്‍ഡ് യങ്ങിൽ (EY ) ജോലിക്ക് കയറി നാല് മാസങ്ങൾക്ക് ശേഷമാണ് അന്ന സെബാസ്ററ്യൻ പേരയില്‍ മരണപ്പെടുന്നത്. ഹൃദയസ്തംഭനം മൂലം പൂനെയിലെ താമസസ്ഥലത്താണ് മരണം. ജൂലായ് 20നായിരുന്നു സംഭവം. മകളുടെ മരണം സംബന്ധിച്ച് അന്നയുടെ മാതാവ് അനിത അഗസ്റ്റിൻ കമ്പനിയുടെ ഇന്ത്യൻ മേധാവി രാജീവ് മേമനിക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ച സജീവമായത്.

മകളുടെ സംസ്കാര ചടങ്ങുകൾക്ക് പോലും കമ്പനിയിലെ ആരും എത്തിയില്ലെന്നും അവസാന ശ്വാസം വരെ അവൾ കമ്പനിക്കുവേണ്ടി പണിയെടുത്തിരുന്നുവെന്നും അമ്മ ആരോപണം ഉന്നയിച്ചിരുന്നു.അതേസമയം, അന്നയുടെ മരണം സംബന്ധിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്തലജെ അറിയിച്ചു. സുരക്ഷിതമല്ലാത്തതും ചൂഷണം ചെയ്യപ്പെടുന്നതുമായി തൊഴിൽസാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തും.

അന്നയ്ക്ക് നീതി ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി. അന്നയുടെ മരണം അതിദാരുണമാണെന്നും കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്നും ഏണസ്റ്റ് ആന്‍ഡ് യങ് അധികൃതരും വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *