ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റായി സ്‌ക്വാഡ്രണ്‍ ലീഡര്‍ മോഹന സിംഗ്. ഈയടുത്ത കാലം വരെ മിഗ് 21 വിമാനങ്ങള്‍ പറത്തിക്കൊണ്ടിരുന്ന മോഹന സിംഗിനെ ഗുജറാത്തിലെ നാലിയ എയര്‍ ബേസിലെ ഫ്‌ളൈയിംഗ് ബുള്ളറ്റ്‌സ് സ്‌ക്വാഡ്രണിലേക്ക് നിയമിക്കുകയായിരുന്നു.

സൈനിക പശ്ചാത്തലമുള്ള കുടുംബമാണ് മോഹന സിംഗിന്റേത്. രാജസ്ഥാനിലെ ജുന്‍ജുന്‍ സ്വദേശിനിയായ മോഹന സിംഗ് 2019ല്‍ ‘ഹോക്’(Hawk) വിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റ് എന്ന പേരും നേടിയിട്ടുണ്ട്.

2020ല്‍ മോഹന സിംഗിന് നാരിശക്തി പുരസ്‌കാരവും ലഭിച്ചു.മോഹന സിംഗിന്റെ മുത്തച്ഛന്‍ ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിഭാഗമായ ഏവിയേഷന്‍ റിസര്‍ച്ച് സെന്ററിലെ ഫ്‌ളൈറ്റ് ഗണ്ണര്‍ ആയിരുന്നു. വ്യോമസേനയിലെ വാറന്റ് ഓഫീസറായിരുന്നു മോഹനയുടെ പിതാവ്. കുടുംബത്തിന്റെ പാരമ്പര്യം മോഹന സിംഗും പിന്തുടരുകയായിരുന്നു.

2016ലാണ് ഇന്ത്യന്‍ വ്യോമസേനയുടെ ഫൈറ്റര്‍ പൈലറ്റുമാരില്‍ ഒരാളായി മോഹന സിംഗ് എത്തിയത്. വ്യോമസേനയുടെ ഫൈറ്റര്‍ പൈലറ്റുമാരായ മൂന്ന് വനിതകളില്‍ ഒരാള്‍ കൂടിയാണ് മോഹന സിംഗ്. ഭാവന കാന്ത്, അവനി ചതുര്‍വേദി എന്നിവരായിരുന്നു മറ്റ് രണ്ട് പേര്‍.

നേരത്തെ ഹെലികോപ്ടറുകളുടെയും ഗതാഗത ആവശ്യത്തിനുള്ള വിമാനങ്ങളുടെയും പൈലറ്റുമാരായി സ്ത്രീകളെ നിയമിച്ചിരുന്നു. എന്നാല്‍ ഫൈറ്റര്‍ പൈലറ്റ് പദവിയിലേക്ക് പുരുഷന്‍മാരെയാണ് തെരഞ്ഞെടുത്തിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *