തിരുവനന്തപുരം- എറണാകുളം റൂട്ടിലെ യാത്ര പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നീക്കവുമായി ദക്ഷിണ റെയിൽവേ. വേണാട് എക്സ്പ്രസ്സിൽ ഇന്നും യാത്രക്കാരി കുഴഞ്ഞുവീണത് പിന്നാലെയാണ് ദക്ഷിണ റെയിൽവേയുടെ അടിയന്തര നീക്കം. തിരുവനന്തപുരം എറണാകുളം റൂട്ടിലെ യാത്ര പ്രതിസന്ധി പരിഹരിക്കാൻ രണ്ടു ട്രെയിനുകളാണ് റെയിൽവേ പരിഗണിക്കുന്നത്.
പുനലൂർ- എറണാകുളം മെമ്മു, കൊല്ലം -എറണാകുളം സ്പെഷ്യൽ ട്രെയിനുകൾക്ക് റെയിൽവേ തത്വത്തിൽ അനുമതി നൽകി. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. വിഷയത്തിൽ ഇടപ്പെട്ട കൊടിക്കുന്നിൽ സുരേഷ് എംപിക്ക് അടിയന്തര പ്രശ്നപരിഹാരം ഉണ്ടാകുമെന്ന് റെയിൽവേ ചെയർമാൻ ഉറപ്പുനൽകിയിട്ടുണ്ട്.
കൂടുതൽ ട്രെയിനുകൾ അനുവദിക്കുന്ന കാര്യത്തിൽ വിശദമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം ആയിരിക്കും റെയിൽവേ ബോർഡ് തീരുമാനമെടുക്കുക. സീസൺ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവർക്ക് സൗകര്യപ്രദമാകുന്ന രീതിയിലായിരിക്കും പുതിയ സർവീസുകൾ ആരംഭിക്കുക. വേണാട് എക്സ്പ്രസ്സിൽ കൂടുതൽ കോച്ചുകൾ അനുവദിക്കുന്ന കാര്യവും ബോഡ് സജീവമായി പരിഗണിക്കുന്നുണ്ട്.