മദ്യലഹരിയിൽ കാറോടിച്ച് കൊല്ലം മൈനാഗപ്പള്ളിയില്‍ സ്കൂട്ടര്‍ യാത്രക്കാരിയെ കൊന്ന കേസില്‍ രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. പ്രേരണാകുറ്റമാണ് ശ്രീക്കുട്ടിക്കെതിരെ ചുമത്തിയിട്ടുള്ളത്.കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിനിയാണ് ഡോക്ടർ ശ്രീക്കുട്ടി. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ ശാസ്താംകോട്ട കോടതി തള്ളിയതിന് പിന്നാലെയാണ് ജില്ലാ കോടതിയെ സമീപിച്ചത്.

കേസിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു.കേസിലെ ഒന്നാം പ്രതി വെളുത്തമണൽ സ്വദേശി അജ്മലും വരുംദിവസം ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ നൽകും.കഴിഞ്ഞ പതിനഞ്ചിന് തിരുവോണ ദിവസം വൈകിട്ടാണ് മൈനാഗപ്പള്ളി ആനൂര്‍കാവില്‍ അപകടമുണ്ടായത്. കാറിടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരി കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കുകയും കാർ അതിവേഗത്തിൽ ഓടിച്ച് പോവുകയും ചെയ്തു.

കുഞ്ഞുമോളെ കാർ കയറ്റി കൊന്നത് ഒന്നാം പ്രതി കാർ ഓടിച്ച അജ്മലാണ്. കാറിന്‍റെ പിൻ സീറ്റിൽ ഇരുന്ന ഡോക്ടർ ശ്രീക്കുട്ടിക്കെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയത്. അജ്മലിനെതിരെമനപ്പൂര്‍വമുള്ള നരഹത്യ കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

ശ്രീക്കുട്ടിയുടെ പ്രേരണയിലാണ് അജ്മല്‍ കാറുമായി രക്ഷപെടാന്‍ ശ്രമിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ശ്രീക്കുട്ടിക്കെതിരെ പ്രേരണ കുറ്റം ചമത്തിയത്. അപകടദിവസം അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതാണെന്നും പണവും സ്വർണാഭരണങ്ങളും അജ്മൽ കൈക്കലാക്കിയെന്നും ചോദ്യം ചെയ്യലിൽ ഡോക്ടർ ശ്രീക്കുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു.

ആനൂർകാവിലെ നാട്ടുകാരുടെ കൃത്യമായ ഇടപെടലും സിസിടിവി ദൃശ്യങ്ങളുമാണ് കേസിൽ നിർണായകമായത്.പ്രതികളെ മൂന്നുദിവസം വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവെടുത്തിരുന്നു. ഡോക്ടർ ശ്രീക്കുട്ടിയും അജ്മലും ഒരുമിച്ചു താമസിച്ചിരുന്ന കരുനാഗപ്പള്ളിയിലെ ഹോട്ടലിൽ നിന്ന് രാസലഹരി ഉപയോഗിക്കാനുള്ള ട്യൂബ് പൊലീസിന് ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *