ഹൈദരാബാദ്: പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഫിയ ധരിച്ചെത്തിയ വിദ്യാര്‍ത്ഥിയുടെ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെച്ച് ടിസ് (ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്). ഞായറാഴ്ച ടിസിന്റെ ക്യാമ്പസില്‍ നടന്ന ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങിലായിരുന്നു സംഭവം.
ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടിയ അബ്‌ലാസ് മുഹമ്മദിനായിരുന്നു ദുരനുഭവം. അബ്‌ലാസിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പ്രോ വി സി പ്രൊഫസര്‍ ശങ്കര്‍ ദാസ് വിസമ്മതിക്കുകയായിരുന്നു.
പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമാണ് കറുപ്പും വെളുപ്പും കലര്‍ന്ന ശിരോവസ്ത്രമായ കഫിയ. ഇത് ധരിച്ചാണ് വിദ്യാര്‍ത്ഥി ചടങ്ങിനെത്തിയത്. ബിരുദാനന്തര ബിരുദ ദാന ചടങ്ങില്‍ അബ്‌ലാസിന്റെ പേര് വിളിച്ചപ്പോള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ നിന്ന് പ്രൊഫസര്‍ ശങ്കര്‍ ദാസ് വിട്ട് നില്‍ക്കുകയും തുടര്‍ന്ന് വിദ്യാര്‍ഥി മടങ്ങുകയുമായിരുന്നു.
തനിക്ക് കോളേജ് അധികൃതരില്‍ നിന്ന് അപമാനം നേരിട്ടുവെന്ന് അബ്‌ലാസ് പറഞ്ഞു. കഫിയ ധരിക്കുന്നത് ക്യാമ്പസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് അധികൃതര്‍ പറഞ്ഞത്. കഫിയ ധരിച്ചതില്‍ മാപ്പെഴുതി നല്‍കിയതിന് ശേഷമാണ് സര്‍ട്ടിഫിക്കറ്റ് വിട്ടു നല്‍കിയതെന്നും അബ്‌ലാസ് കൂട്ടിച്ചേര്‍ത്തു.