കോഴിക്കോട്: കടലുണ്ടി കോട്ടക്കടവ് ടി എം എച്ച് ആശുപത്രിയിലെ വ്യാജ ഡോക്ടര്‍ മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളിലായി ഒമ്പതിലധികം ആശുപത്രികളില്‍ ജോലി ചെയ്തതായാണ് വിവരം. രോഗികളോട് നല്ല പെരുമാറ്റം പുലര്‍ത്തിയ അബു എബ്രഹാം ലൂക്കിനെ പതിവായി കാണാന്‍ എത്തുന്ന രോഗികളും ഉണ്ടായിരുന്നു. ആര്‍ എം ഒയുടെ ഒഴിവിലേക്ക് ഡോക്ടറെ നിയമിക്കാന്‍ ആശുപത്രിഅധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് മറ്റൊരാളുടെ റഫറന്‍സിലൂടെ അബു ലൂക്ക് ഇവിടെ എത്തുന്നത്.
ജോലിയില്‍ പ്രവേശിക്കും മുമ്പ് രജിസ്റ്റര്‍ നമ്പര്‍ നൽകിയിരുന്നു. ‘അബു പി സേവ്യര്‍’ എന്നയാളുടെ പേരിലായിരുന്നു ഈ രജിസ്റ്റര്‍ നമ്പര്‍. ഇക്കാര്യം അന്വേഷിച്ചപ്പോൾ തനിക്ക് രണ്ട് പേരുണ്ടെന്നായിരുന്നു മറുപടി.
മുമ്പ് ജോലി ചെയ്ത സ്ഥലങ്ങളില്‍ അന്വേഷിച്ചപ്പോളും ഇയാളെക്കുറിച്ച് മികച്ച അഭിപ്രായംആയിരുന്നു. ആഴ്ചയില്‍ രണ്ട് ദിവസം ഈ ആശുപത്രിയില്‍ എത്തുന്ന അബു എബ്രഹാമിനെ സ്ഥിരമായി കാണിക്കാന്‍ എത്തുന്ന നിരവധി രോഗികള്‍ ഉണ്ടായിരുന്നു എന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ യഥാര്‍ത്ഥ രജിസ്റ്റര്‍ നമ്പര്‍ ലഭിച്ചതും എംബിബിഎസ് പാസ്സായില്ല എന്ന് അധികൃതർക്ക് മനസ്സിലാകുന്നത്. ഇതേ തുടര്‍ന്നാണ് പുറത്താക്കിയതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
എംബിബിഎസ് കഴിഞ്ഞ് നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുകയാണ് എന്നാണ് ഇയാള്‍ ആശുപത്രി അധികൃതരെ വിശ്വസിപ്പിച്ചത്. പരീക്ഷയ്ക്കായി അവധി എടുത്ത് പോകാറുമുണ്ടായിരുന്നു.മരിച്ച വിനോദ് കുമാറിന്റെ ബന്ധുക്കള്‍ക്ക് ആദ്യം പരാതി ഇല്ലായിരുന്നു.
പിന്നീട് ഒരു ബന്ധുവുമായി വിനോദ് കുമാറിന്റെ മകനും ഭാര്യയും ഇതേ ആശുപത്രിയില്‍ എത്തിയിരുന്നു. മകന്റെ ഭാര്യ സഹപാഠിയായ അബു എബ്രഹാം ലൂക്കിനെതിരിച്ചറിഞ്ഞതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്.
ഈ പെണ്‍കുട്ടിയാണ് ഇയാള്‍ എംബിബിഎസ് പൂര്‍ത്തിയാക്കാത്ത വിവരം അറിയിച്ചതെന്ന് ആശുപത്രി അധികൃതര്‍ വ്യക്താക്കി