മെട്രോയില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ കൈയിലെ ബാഗ് അബദ്ധത്തില്‍ തുറന്ന് ജീവനുള്ള ഞണ്ടുകള്‍ പുറത്തുചാടി. ഞണ്ടുകള്‍ പുറത്തിറങ്ങി തറയിലൂടെ നീങ്ങി തുടങ്ങിയതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. തുടക്കത്തില്‍ സ്ത്രീയും അല്‍പം ആശങ്കപ്പെട്ടെങ്കിലും ഒപ്പം യാത്ര ചെയ്തിരുന്നവര്‍ അവരെ സഹായിക്കുകയും ഞണ്ടുകളെ ബാഗിലാക്കുകയുമായിരുന്നു. എന്നാല്‍,
കാഴ്ചക്കാരുടെ ശ്രദ്ധ കവര്‍ന്നത് മറ്റൊരു യാത്രക്കാരനെയായിരുന്നു. മറ്റുയാത്രക്കാര്‍ ഭയന്നുമാറിയപ്പോള്‍ അയാള്‍ സംഭവത്തില്‍ പെട്ടെന്ന് ഇടപെടുകയും രക്ഷപെട്ടോടിയ ഒരു ഞണ്ടിനെ കൈയ്യില്‍ പിടിച്ചെടുക്കുകയുമായിരുന്നു
.ഞണ്ടുകള്‍ തന്റെ ബാഗില്‍ നിന്ന് പുറത്തുചാടിയതോടെ യുവതി ഞെട്ടിപ്പോകുകയും ഇരിപ്പിടത്തില്‍ നിന്ന് ചാടി എണീറ്റ് മെട്രോയുടെ വാതിലിന് സമീപത്തേക്ക് ഓടുകയുമായിരുന്നു. എന്നാല്‍, ഉടന്‍ തന്നെ ചില യാത്രക്കാര്‍ അവരെ സഹായിക്കാന്‍ മുന്നോട്ടു വന്നു.
യാത്രക്കാരിലൊരാള്‍ തന്നെ ഒരു വലിയ സഞ്ചി സംഘടിപ്പിക്കുകയും ഞണ്ടുകളെ മുഴുവന്‍ അതിലേക്ക് മാറ്റുകയുമായിരുന്നു. സഞ്ചിയിലേക്ക് മാറ്റുന്നതിനിടെ കുറെയേറെ ഞണ്ടുകള്‍ പുറത്തേക്ക് ചാടി.
എന്നാല്‍, മറ്റുയാത്രക്കാർക്ക് കൂടുതല്‍ പ്രയാസമൊന്നും ഉണ്ടാക്കാതെ സഹയാത്രികരായ ഒരു സ്ത്രീയും പുരുഷനും ചേര്‍ന്ന് ഞണ്ടുകളെയെല്ലാം സഞ്ചിയുടെ അകത്താക്കി.