ലെബനനിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ. അതിർത്തി കടന്ന് സൈന്യം ലെബനനുള്ളിലെത്തി. ഹിസ്ബുല്ല കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടുള്ള ‘പരിമിതമായ’ ആക്രമണമെന്ന് ഇസ്രയേൽ പ്രതിരോധ സേന വ്യക്തമാക്കി.ഇറാൻ തിരിച്ചടിക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് അമേരിക്കൻ സൈനികർ പശ്ചിമേഷ്യയിൽ എത്തുമെന്ന് പെന്റഗൺ വ്യക്തമാക്കി. ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയുള്ള കരയുദ്ധം ആരംഭിക്കുമെന്ന് ഇസ്രയേൽ അമേരിക്കയെ അറിയിച്ചു.
ഇസ്രയേലുമായി കരയുദ്ധത്തിന് തയ്യാറാണെന്ന് ഹിസ്ബുള്ളയും പ്രഖ്യാപിച്ചു. ഇസ്രയേലിന്റെ അധിനിവേശത്തെ ചെറുക്കാൻ ഒരുങ്ങിയെന്നും യുദ്ധം ദീർഘകാലം നീണ്ടേക്കുമെന്നും ഹിസ്ബുള്ളയുടെ ഇടക്കാല മേധാവി നയീം കാസിം മുന്നറിയിപ്പ് നൽകി.ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ള കൊല്ലപ്പെട്ടതിന് ശേഷം ആദ്യമായാണ് ഒരു മുതിർന്ന അംഗം പരസ്യ പ്രതികരണം നടത്തുന്നത്.
ബെയ്റൂട്ടിലടക്കം ഇസ്രയേലിന്റെ വ്യോമാക്രമണം രൂക്ഷമാണ്. ഞായറാഴ്ച മാത്രം 100-ലധികം പേർ കൊല്ലപ്പെട്ടു. ഇതിനിടെ, ലെബനനിലെ വിവിധ വിദേശ എംബസികൾ ജീവനക്കാരെ ഒഴിപ്പിച്ചുതുടങ്ങി.