2024-ലെ ലോകത്തെ മികച്ച ഹൊറര്‍ ചിത്രങ്ങളുടെ പട്ടികയില്‍ രണ്ടാമതെത്തി മമ്മൂട്ടി ചിത്രം ഭ്രമയുഗം. സിനിമയെ ഗൗരവമായി കാണുന്ന ലോകമെങ്ങുമുള്ള ചലച്ചിത്രപ്രേമികളുടെ ചർച്ചകളുടെയും വിശകലനങ്ങളുടെയും വേദിയായ ലെറ്റര്‍ബോക്‌സിഡിന്റെ 25 ചിത്രങ്ങളുടെ പട്ടികയിലാണ് മലയാളത്തിന്റെ ‘ചാത്തന്‍’ കയറിയത്. ഈ വര്‍ഷം ഇതുവരെ ഇറങ്ങിയ ചിത്രങ്ങളില്‍ ലെറ്റര്‍ ബോക്‌സ്ഡ് അംഗങ്ങളുടെ റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്.
2025-ന്റെ തുടക്കത്തില്‍ അന്തിമപട്ടിക പ്രഖ്യാപിക്കും. മാസംതോറും അംഗങ്ങളുടെ റേറ്റിങ്ങിനനുസരിച്ച് പട്ടിക പുതുക്കും. ഈ വര്‍ഷം പുറത്തിറങ്ങി നിരൂപകരുടേയും പ്രേക്ഷകരുടേയും പ്രശംസ ഒരുപോലെ നേടി ബോക്‌സോഫീസ് ഹിറ്റായ ചിത്രമാണ് ഭ്രമയുഗം.
24-ാമതുള്ള സ്ത്രീ 2 മാത്രമാണ് പട്ടികയിലെ മറ്റൊരു ഇന്ത്യന്‍ ചിത്രംഭൂതകാലം എന്ന ചിത്രത്തിനുശേഷം രാഹുല്‍ സദാശിവന്‍ സംവിധാനംചെയ്ത ചിത്രമാണ് ഭ്രമയുഗം. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ്മറ്റുപ്രധാനവേഷങ്ങളിലെത്തിയത്.
സംവിധായകന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയതും. പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണന്റേതായിരുന്നു സംഭാഷണങ്ങള്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈനോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ് ഭ്രമയുഗം നിര്‍മിച്ചത്