കാരവാനില്‍ ഇല്ലാത്തതിനാല്‍ റോഡരികില്‍ നിര്‍ത്തിയിട്ട ഇന്നോവയില്‍ വച്ച് ബോളിവുഡ് താരം വിദ്യാ ബാലന് വസ്ത്രം മാറേണ്ടി വന്നിട്ടുണ്ടെന്ന് സംവിധായകന്‍ സുജോയ് ഘോഷ്. കുറഞ്ഞ ബജറ്റില്‍ നിര്‍മിച്ച ചിത്രത്തിന്റെ നിര്‍മാണത്തില്‍ അനുഭവിച്ച പ്രയാസങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ സംവിധായകന്‍ സുജോയ് ഘോഷ്.

വിദ്യാ ബാലന്റെ ഏറെ ആഘോഷിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് സുജോയ് ഘോഷ് സംവിധാനം ചെയ്ത ‘കഹാനി’.ചിത്രത്തിന്റെ സെറ്റില്‍ നടന്ന കാര്യങ്ങളാണ് സുജോയ് പറഞ്ഞത്. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിദ്യാ ബാലന് പോലും ഒരു കാരവാന്‍ നല്‍കാന്‍ സാധിച്ചില്ല.

ഇതേ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ട ഇന്നോവ കാര്‍ കറുത്ത തുണികൊണ്ട് മറച്ച് അതിനുള്ളില്‍ ഇരുന്നായിരുന്നു നടി വസ്ത്രം മാറിയത്. മാഷബിള്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ സംസാരിച്ചത്.

വിദ്യാ ബാലന് കഹാനി വേണ്ടെന്ന് വയ്ക്കാമായിരുന്നു. എന്നാല്‍, അവര്‍ നല്‍കിയ വാക്കിന്റെ പുറത്താണ് ചിത്രത്തില്‍ അഭിനയിച്ചത്. അമിതാഭ് ബച്ചന്‍ മുതല്‍ ഷാരൂഖ് ഖാന്‍ വരെയുള്ള ആ കാലഘട്ടത്തിലെ അഭിനേതാക്കള്‍ അവരുടെ വാക്കിനോട് കൂറ് പുലര്‍ത്തുന്നവരാണ്.

വിദ്യയും ഇതേ ഗണത്തില്‍പ്പെട്ടയാളാണ് എന്നാണ് സുജോയ് ഘോഷ് പറയുന്നത്.2012ല്‍ ആണ് കഹാനി റിലീസ് ചെയ്തത്. 15 കോടിക്ക് ഒരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും 79.20 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. പരംബ്രത ചാറ്റര്‍ജി, നവാസുദ്ദീന്‍ സിദ്ദിഖി, ഇന്ദ്രനീല്‍ സെന്‍ഗുപ്ത, സ്വസ്ഥ ചാറ്റര്‍ജി എന്നിവരാണ് വിദ്യയ്‌ക്കൊപ്പം ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *